നക്കീരന്‍ ഗോപാല്‍ അറസ്റ്റില്‍; ചുമത്തിയ വകുപ്പുകള്‍ കോടതി തള്ളി, വിട്ടയച്ചു

0

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും ‘നക്കീരന്‍’ ആഴ്ചപ്പതിപ്പിന്റെ എഡിറ്ററുമായ നക്കീരന്‍ ഗോപാലിനെ പോലീസ് അറസ്റ്റു ചെയ്തു. ചെന്നൈ പോലീസ് ചൊവ്വാഴ്ച രാവിലെയാണ് ഗോപാലിനെ കസ്റ്റഡിയില്‍ എടുത്തത്. ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. എന്നാല്‍, ഗവര്‍ണറെ അപമാനിച്ചതിന് പോലീസ് ചുമത്തിയ വകുപ്പുകള്‍ കോടതി സംഗീകരിച്ചില്ല. ഇതേ തുടര്‍ന്ന് നക്കീരന്‍ ഗോപാലനെ മോചിതനാക്കി.

ഗവര്‍ണറുമായി ബന്ധപ്പെട്ട് ലൈംഗിക ആരോപണ വാര്‍ത്തകള്‍ നക്കീരനില്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് കേസിലേക്ക് നയിച്ചത്. പൂനയിലെ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനുള്ള യാത്രയുടെ ഭാഗമായി രാവിലെ 8.15 ഓടെ ചെന്നൈ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഗോപാലിനെ പോലീസ് പിടികൂടിയത്.

അഡയാറില്‍ നിന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ആണ് നക്കീരന്‍ ഗോപാലിനെ അറസ്റ്റു ചെയ്തത്. വൈദ്യ പരിശോധനകള്‍ക്കുശേഷം ഗോപാലിനെ എഗമോള്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി 13ല്‍ ഹാജരാക്കി. ഐ.പി.സിയിലെ 124 വകുപ്പ് ചുമത്തിയത് പ്രതിയുടെ അഭിഭാഷകനും കോടതി സംസാരിക്കാന്‍ അനുവദിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍. റാമും ചോദ്യം ചെയ്തു. തുടര്‍ന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് കോടതി തള്ളുകയായിരുന്നു.

അടുത്തകാലത്ത് കോളിളക്കമുണ്ടാക്കിയ സര്‍വകലാശാല ലൈംഗിക വിവാദത്തില്‍ ഗവര്‍ണര്‍ പുരോഹിതിനെയും അദ്ദേഹത്തിന്റെ ഓഫീസിനെയും ബന്ധപ്പെടുത്തി നക്കീരന്‍ ലേഖനങ്ങള്‍ നല്‍കിയിരുന്നു. വിവദത്തിലെ പ്രധാന നായിക ദേവാംഗ ആര്‍ട്‌സ് കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ നിര്‍മ്മല ദേവി പല തവണ രാജ്ഭവന്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് നക്കീരന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഉന്നതരുടെ ലൈംഗിക താല്‍പര്യത്തിന് നിന്നുകൊടുത്താല്‍ മാര്‍ക്കും പണവും അടക്കം പല സമ്മാനങ്ങളും ലഭിക്കുമെന്ന് നിര്‍മ്മല ദേവി വിദ്യാര്‍ത്ഥിനികളോട് സംസാരിച്ചതിന്റെ ഓഡിയോ ടേപ്പ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിര്‍മ്മല ദേവിയെ കഴിഞ്ഞ ഏപ്രിലില്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഗവര്‍ണറും രാജ്ഭവനിലെ ചില ഉന്നത ഉദ്യോഗസഥരും ആരോപണത്തിന്റെ നിഴലിലായതോടെ ഗവര്‍ണര്‍ പുരോഹിതിന്റെ രാജി ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്ന് പത്രസമ്മേളനം നടത്തിയ ഗവര്‍ണര്‍ തനിക്കെതിരായ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു. അറസ്റ്റിലായ യുവതിയെ തനിക്കറിയില്ലെന്നും താന്‍ കണ്ടിട്ടുപോലുമില്ലെന്നും രാജി ആവശ്യം തള്ളിക്കളയുന്നതായും അറിയിച്ചിരുന്നു. നിരവധി പേര്‍ എപ്പോഴും തനിക്കൊപ്പമുണ്ടായിരിക്കും. തന്റെ അനുമതി കൂടാതെ ആരുംതന്നെ കാണാന്‍ പാടില്ലെന്നു പറയാന്‍ കഴിയില്ലെന്നും അദ്ദേഹം മറുപടി നല്‍കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here