തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ വി.പി. മഹാദേവന്‍ പിള്ളയെ രൂക്ഷമായി വിമര്‍ശിച്ച് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാഷ്ട്രപതിക്കു ഡി ലിറ്റ് നല്‍കണമെന്ന തന്റെ ശിപര്‍ശ സിന്‍ഡിക്കേറ്റ് യോഗം വിളിക്കാന്‍ പോലും തയാറാകാതെ തള്ളിയതാണ് ചാന്‍സലര്‍ സ്ഥാനം ഒഴിയാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ഗവര്‍ണര്‍ സ്ഥിരീകരിച്ചു.

വൈസ് ചാന്‍സലറുടെ ഭാഷ കണ്ടു താന്‍ ഞെട്ടിയെന്നും ലജ്ജാകരമായ ഭാഷയാണ് വി.സി. ഉപയോഗിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇങ്ങനെയാണോ ഒരു വൈസ് ചാന്‍സലറുടെ ഭാഷ. രണ്ടു വരി തെറ്റില്ലാതെ എഴുതാന്‍ അറിയില്ല. ഇതാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല. ചാന്‍സലര്‍ ആവശ്യപ്പെട്ടിട്ടും സിന്‍ഡിക്കേറ്റ് യോഗം വിളിച്ചില്ല. ചാന്‍സലറെ ധിക്കരിച്ചു. മുഖം പുറത്തുകാണിക്കാന്‍ ലജ്ജ തോന്നുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ തുറന്നടിച്ചു.

മുടങ്ങി കിടക്കുന്ന യൂണിവേഴ്‌സിറ്റിയുടെ ബിരുദ ദാന ചടങ്ങ് സംഘടിപ്പിക്കണമെന്നും അതിലേക്കു രാഷ്ട്രപതിയെ ക്ഷണിക്കണമെന്നും വി.സി.യോട് ആവശ്യപ്പെട്ടു. ചടങ്ങില്‍ രാഷ്ട്രപതിയെ ആദരിക്കണം. ഇക്കാര്യങ്ങള്‍ സിന്‍ഡിക്കേറ്റ് ചര്‍ച്ച ചെയ്യാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍, ഗവര്‍ണറുടെ ഓഫീസിനെ വി.സി. ഫോണിലൂടെ അറിയിച്ച മറുപടിയുടെ ഭാഷ ഞെട്ടിച്ചു. തുടര്‍ന്ന് രേഖാമൂലം അറിയിക്കാന്‍ ആവശ്യപ്പെടുകയായിന്നുവെന്ന് ഗവര്‍ണര്‍ പറയുന്നു.

സിന്‍ഡിക്കേറ്റ് യോഗം വിളിച്ചു തീരുമാനമെടുക്കുന്നതിനു പകരം മറ്റാരുടേയൊ നിര്‍ദേശമാണ് വി.സി. മറുപടിയായി നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെട്ടുവെങ്കിലും മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ സാധിച്ചില്ല. എന്നാല്‍, വിവാദങ്ങള്‍ക്കുശേഷം സര്‍ക്കാരില്‍ നിന്നു മൂന്നു കത്തുകള്‍ ലഭിച്ചുവെന്നും സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ ഉദ്ദേശിച്ചിട്ടിലെന്ന് അറിയിക്കുകയും ചെയ്തുവെന്ന് ഗവര്‍ണര്‍ വെളിപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here