തലസ്ഥാന ജില്ലയില്‍ രാവിലെ മുതല്‍ മഴ കനത്തോടെ ഉപതെരഞ്ഞെടുപ്പു നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ മന്ദഗതിയിലാണ് പോളിങ്ങ്. ഒരു മണിവരെയുള്ള കണക്കുകള്‍ 40 ശതമാനത്തില്‍ താഴെയാണ് പോളിങ്ങ്. നിലവില്‍ മഴ മാറി നില്‍ക്കുന്നുണ്ടെങ്കിലും മഴയുടെ അന്തരീക്ഷം തെളിഞ്ഞിട്ടില്ല. ഉച്ചയ്ക്കുശേഷവും മഴ കടുപ്പിക്കുമെങ്കില് സ്ഥാനാര്‍ത്ഥികളുടെ കണക്കുകള്‍ പിഴയ്ക്കുമെന്നുറപ്പാണ്.
നിലവില്‍ കോണ്‍ഗ്രസിന്റെ മോഹന്‍കുമാറിന് നേരിയ മുന്‍തൂക്കം പ്രവചിക്കുന്ന മണ്ഡലത്തില്‍ ഇടതുസ്ഥാനാര്‍ത്ഥി വി.കെ. പ്രശാന്തും എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി എസ്. സുരേഷും മികച്ച മത്സരമാണ് കാഴ്ചവയ്ക്കുന്നത്. ഇവരില്‍ ആരാകും രണ്ടാമത്തെത്തുമെന്ന നിലയില്‍ നിന്ന് ഇടതുപക്ഷം വിജയിച്ചേക്കാമെന്ന പ്രതീതിതന്നെ മണ്ഡലത്തില്‍ നിലനില്‍ക്കുന്നുണ്ട്. പാര്‍ട്ടിവോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്താല്‍ എസ്. സുരേഷും നേരിയ ഭൂരിപക്ഷത്തില്‍ ജയിച്ചുകൂടായ്കയുമില്ല. ഈ സാഹചര്യത്തിലാണ് മഴ കനപ്പിച്ചു പെയ്തത്.
തലസ്ഥാനത്തെ സാമ്പത്തികമായി മുന്നോക്കം നില്ക്കുന്നവരുടെ വലിയൊരുശതമാനം പേരുള്‍പ്പെടുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. നിരവധി പ്രമുഖര്‍ക്കടക്കം വോട്ടുള്ള മണ്ഡലമാണിവിടം. മഴ മാറിയെങ്കില്‍ ഈ വിഭാഗത്തില്‍ പെട്ടവര്‍ പോളിങ്ങ് ബൂത്തിലേക്ക് ഒഴുകിയെത്തണമെന്ന് നിര്‍ബന്ധമില്ല. ഇവിടെയാണ് ഇടതുപക്ഷ പ്രവര്‍ത്തകര്‍ കാട്ടുന്ന ജാഗ്രത വി.കെ. പ്രശാന്തിന് തുണയാകുമെന്നാണ് വിലയിരുത്തല്‍. ബി.ജെ.പി. പ്രവര്‍ത്തകരും തങ്ങള്ക്കുറപ്പുള്ള വോട്ടര്‍മാരെ ബൂത്തിക്കാനുള്ള ആവേശം കാട്ടുന്നുണ്ട്. കോണ്‍ഗ്രസുകാര്‍ക്ക് എത്രമാത്രം ഈ കാര്യത്തില്‍ പ്രവര്‍ത്തിക്കാനാകുമെന്ന കാര്യത്തിലാണ് ആശങ്ക.
മഴയില്‍ മടിച്ചിരിക്കുന്ന കോണ്‍ഗ്രസ് വോട്ടുകള്‍ പെട്ടിയില്‍ വീഴാതായാല് സി.പി.എം.-എന്‍.ഡി.എ. ഇഞ്ചോടിഞ്ച് പോരാട്ടമാകും നടക്കുക. അടിയുറച്ച കോണ്‍ഗ്രസ് മണ്ഡലത്തില്‍ എന്തുസംഭവിച്ചാലും മഴയ്ക്ക് നിര്‍ണ്ണായക റോളുണ്ടാകുമെന്ന മട്ടിലാണ് കാര്യങ്ങള്‍. എന്നാല്‍ മഴ ശമിച്ചതോടെ പോളിങ്ങ് ബൂത്തിലേക്ക് ആളുകള്‍ ആവേശത്തോടെ എത്തുന്നുണ്ടെന്നതാണ് കോണ്‍ഗ്രസിന് ആശ്വാസമാകുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉച്ചയ്ക്ക് 1 മണിവരെ 39. 74 ശതമാനംപേര്‍ വോട്ടിട്ടപ്പോള്‍ മഴപെയ്തിട്ടും 36.78 ശതമാനംപേര്‍ നിലവില്‍ വോട്ടുചെയ്തിട്ടുണ്ട്. 3 ശതമാനത്തോളംമാത്രമാണ് കുറവ് വന്നിട്ടുള്ളത്.