നെയ്യാറ്റിൻകരയിൽ ആത്മാഹുതി ചെയ്ത ദമ്പതികൾ കൈവശം വെച്ചിരുന്ന ഭൂമി അയൽവാസിയായ വസന്തയുടേതെന്ന് കണ്ടെത്തൽ. നെയ്യാറ്റിൻകര തഹസിൽദാർ കളക്ടർക്ക് റിപ്പോർട്ട് നൽകി. ഭൂമി രാജൻ കയ്യേറിയതാണെന്നും തഹസിൽദാറുടെ റിപ്പോർട്ടിലുണ്ട്.
നെയ്യാറ്റിന്‍കരയിലെ ദമ്പതിമാരായ രാജനും ഭാര്യ അമ്പിളിയും ഡിസംബര്‍ മാസം 22 നായിരുന്നു ആത്മാഹുതി ചെയ്തത്. വീട് ഒഴിപ്പിക്കാനെത്തിയ പൊലീസുകാര്‍ക്ക് മുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതിന് പിന്നാലെ ഈ ഭൂമി സംബന്ധിച്ച് വലിയ തര്‍ക്കങ്ങളാണ് ഉയര്‍ന്നിരുന്നത്. തങ്ങള്‍ താമസിക്കുന്നത് പുറമ്പോക്ക് ഭൂമിയിലാണെന്നായിരുന്നു ദമ്പതികള്‍ നേരത്തെ പറഞ്ഞിരുന്നത്. ഈ ദമ്പതികളുടെ മക്കളും ആ വാദത്തില്‍ ഉറച്ചുനിന്നിരുന്നു.
എന്നാല്‍ ഭൂമിക്ക് അവകാശവാദമുന്നയിച്ച വസന്തയെന്ന അയല്‍വാസി ആ ഭുമി തന്റേതാണെന്ന നിലപാടില്‍ ഉറച്ചു നിന്നു. അതോടെയാണ് ഇതില്‍ വിശദമായ അന്വേഷണം നടത്തിയത്. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ ഇപ്പോള്‍ കലക്ടര്‍ക്ക് കൈമാറിക്കഴിഞ്ഞു. ഇത് പരാതിക്കാരിയായ വസന്തയുടെ ഭൂമി തന്നെ ആണ് എന്നതാണ് തഹസില്‍ദാറുടെ റിപ്പോര്‍ട്ട്. വസന്തയുടെ ഭൂമി രാജന് കയ്യേറിയതാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
സുഗന്ധി എന്നയാളില്‍ നിന്നും വസന്ത ഭൂമി വില കൊടുത്ത് വാങ്ങിയതാണെന്ന് രേഖകൾ വ്യക്തമാക്കുന്നതായും തെഹസിൽദാർ കണ്ടെത്തി. 9 മാസങ്ങൾക്ക് മുമ്പ് രാജനും കുടുംബവും ഇത് കയ്യേറിയാണ് വീട് നിർമ്മിച്ചത്. ലക്ഷം വീട് കോളനിയിലെ സ്ഥലം തനിക്ക് കൈമാറിക്കിട്ടിയത് എന്നാണ് വസന്ത പറഞ്ഞിരുന്നത്. ഈ സ്ഥലം വാങ്ങാൻ കഴിയുന്നതാണോയെന്ന് സർക്കാർ പരിശോധിക്കണമെന്നും തഹസിൽദാർ റിപ്പോർട്ടിൽ പരാമർശിക്കുന്നു.
അച്ഛനെയും അമ്മയെയും അടക്കിയ മണ്ണ് തങ്ങൾക്ക് വേണമെന്നാണ് രാജന്റെ മക്കളുടെ ആവശ്യം. ഭൂമി വസന്തയുടെ പക്കൽ നിന്നും വ്യവസായി ബോബി ചെമ്മണ്ണൂർ വാങ്ങിയിട്ടുണ്ട്. ഇത് സർക്കാരിന് കൈമാറുമെന്ന് ബോബിയും അറിയിച്ചിട്ടുണ്ട്. നേരത്തെ പട്ടയം ഉണ്ടെന്ന് വസന്ത പറയുമ്പോൾ ഇല്ലെന്നായിരുന്നു മരിച്ച രാജന്റെ നിലപാട്. വസന്തയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം 22ന് രാജൻ കൈയേറ്റ ഭൂമി ഒഴിണമെന്നായിരുന്നു നെയ്യാറ്റിൻകര മുൻസിഫ് കോടതിയുടെ വിധി. കൈയേറ്റ ഭൂമിയിൽ നിന്നും രാജനെ ഒഴിപ്പിക്കാനെത്തിയപ്പോഴായിരുന്നു അനിഷ്ട സംഭവങ്ങൾ നടന്നത്.