ചെന്നൈ: തമിഴ് സീരിയല്‍ നടിയും അവതാരകയുമായ വി.ജെ. ചിത്ര ജീവനൊടുക്കിയ കേസില്‍ ചിത്രയുടെ പ്രതിശ്രുത വരന് ഹേംനാഥ് അറസ്റ്റില്‍. ആത്മഹത്യാ പ്രേരണാക്കുറ്റത്തിനാണ് അറസ്റ്റ്. ഹേംനാഥിനെ തുടര്‍ച്ചയായി 5 ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. ഇയാളുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യും. കടുത്ത മാനസിക സമ്മര്‍ദമാണ് ചിത്രയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം.നസ്രത്ത്പെട്ടിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഡിസംബര്‍ 10ന് പുലര്‍ച്ചെയാണ് ചിത്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹേംനാഥൊന്നിച്ചായിരുന്നു ചിത്ര ഇവിടെ താമസിച്ചത്. മരണം സംഭവിച്ച ദിവസം സീരിയലിലെ ഒരു രംഗത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പോലീസിന് വിവരം നല്‍കിയിരുന്നു.ഇതിന് മുന്‍പും അഭിനയവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഹേംനാഥ് ചിത്രയുമായി കലഹിച്ചിരുന്നതായാണ് പോലീസ്.കണ്ടെത്തല്‍. സീരിയല്‍ ചിത്രീകരണ സ്ഥലത്ത് മദ്യപിച്ചെത്തി ഹേംനാഥ് വഴക്കുണ്ടാക്കിയിരുന്നതായി വിവരം ലഭിച്ചിരുന്നു.
ഇത് അറിയിച്ചപ്പോള്‍ ഹേംനാഥിനെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാന്‍ അമ്മ നിര്‍ബന്ധിച്ചിരുന്നു. ഇതും സമ്മര്‍ദത്തിന് കാരണമായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ആഗസ്റ്റില്‍ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും ഇരുവരും രഹസ്യമായി വിവാഹം കഴിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഈ വിവാഹമാണ് ആത്മഹത്യക്ക് കാരണമെന്ന് ചിത്രയുടെ കുടുംബം ആരോപിച്ചു.പാണ്ഡ്യന് സ്റ്റോര്‍സ് എന്ന സീരിയലിലൂടെ മുല്ല എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ചിത്രക്ക് തമിഴ്നാട്ടില്‍ വലിയ ആരാധക വൃന്ദമുണ്ട്.