കൊല്ലം: ഉത്ര വധക്കേസില്‍ അറസ്റ്റിലായ സൂരജിന്റെ അച്ഛന് സുരേന്ദ്രന് പണിക്കര്‍ മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍. അഞ്ചു ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടാണ് അന്വേഷണസംഘം അപേക്ഷ നല്‍കിയതെങ്കിലും മൂന്നു ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. തെളിവ് നശിപ്പിക്കല്‍, ഗാര്‍ഹിക പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ക്രൈം ബ്രാഞ്ച് സംഘം സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്.
സൂരേന്ദ്രനെ ചോദ്യം ചെയ്യുന്നതിനിടെ, ഉത്രയുടെ സ്വര്‍ണ്ണം കുഴിച്ചിട്ട നിലയില്‍ വീട്ടുവളപ്പില്‍ നിന്നു കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തി ചൊവ്വാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കിയത്. സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇവരെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും എത്താതിരുന്നതിനെ തുടര്‍ന്നാണ് വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്.