ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ബുധനാഴ്ചയാണ് യു പി മുഖ്യമന്ത്രിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആയിരുന്നു യു പി മുഖ്യമന്ത്രി. അദ്ദേഹവുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന ചില ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് യോഗി ആദിത്യനാഥ് ഐസൊലേഷനിൽ പോയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് യോഗി ആദിത്യനാഥിന് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. ട്വിറ്ററിലൂടെ യു പി മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചു.

] ഞാനുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആ സാഹചര്യത്തിൽ ഒരു മുൻകരുതൽ എന്ന നിലയിൽ സ്വയം ഐസലേറ്റ് ചെയ്യുകയാണ്. എല്ലാ ജോലികളും ഡിജിറ്റൽ രീതിയിൽ പൂർത്തിയാക്കും’ മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള അഭിഷേക് കൗഷിക് എന്നിവർ ഉൾപ്പെടെയുള്ളവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിലെ പ്രചാരണ പരിപാടികളിലടക്കം സജീവമായിരുന്നു യോഗി ആദിത്യനാഥ്. ഈ മാസം ആദ്യം അദ്ദേഹം കോവിഡ് വാക്സിന്‍റെ ആദ്യ ഡോസും സ്വീകരിച്ചിരുന്നു. രണ്ടാം ഡോസ് സ്വീകരിക്കാനിരിക്കെയാണ് നിലവിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായിരിക്കുകയാണ്. പ്രതിദിനം ഒരുലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. പ്രതിദിന കോവിഡ് കണക്കിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം മാത്രം 18021 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 85 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 9309 കോവിഡ് മരണങ്ങളാണ് ഇവിടെ സ്ഥിരീകരിച്ചിട്ടുള്ളത്.

അതേസമയം, ഇന്ന് സമാജ് വാദി പാർട്ടി തലവനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ട്വിറ്ററിലാണ് തനിക്ക് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച കാര്യം അഖിലേഷ് യാദവ് അറിയിച്ചത്. ‘എനിക്ക് കോവിഡ് 19 ആണെന്ന് സ്ഥിരീകരിച്ചി, ഞാൻ സ്വയം ഐസൊലേഷനിലാണ്’ – ട്വിറ്ററിൽ അഖിലേഷ് യാദവ് കുറിച്ചു. വീട്ടിൽ ഡോക്ടർ എത്തി ചികിത്സ നൽകുന്നുണ്ടെന്നും അഖിലേഷ് യാദവ് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ സ്വയം കോവിഡ് പരിശോധനയ്ക്ക് വിധേയനാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എന്നോട് ബന്ധം പുലർത്തിയിട്ടുള്ള എല്ലാവരോടും കോവിഡ് -19 പരിശോധനയ്ക്ക് വിധേയരാകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. മാത്രമല്ല, അത്തരക്കാരെല്ലാം കുറച്ച് ദിവസത്തേക്ക് ക്വാറന്റീനിൽ തുടരാനും ഞാൻ അഭ്യർത്ഥിക്കുന്നു,’ – അഖിലേഷ് യാദവ് കുറിച്ചു.

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് അഖിലേഷ് യാദവ് അഖിൽ ഭാരതീയ അഖദ പരിഷത്ത് പ്രസിഡന്റ് മഹാന്ത് നരേന്ദ്ര ഗിരിയെ സന്ദർശിച്ചിരുന്നു. അദ്ദേഹത്തിന് കഴിഞ്ഞയിടെ കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. ഹരിദ്വാറിലെ ഒരു സ്വകാര്യ നഴ്സിംഗ് ഹോമിൽ നിന്ന് ഗിരിയെ പിന്നീട് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റി.

കൊറോണ വൈറസ് പ്രതിരോധ കുത്തിവയ്പ്പുകളെ ബിജെപിയുടെ വാക്സിൻ എന്നാണ് ജനുവരിയിൽ അദ്ദേഹം വിശേഷിപ്പിച്ചത്. വാക്സിൻ എടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here