അബുദാബി: കേരളത്തില്‍ മാത്രമല്ല, അബൂദാബിയിലും പെയ്തു ഞെട്ടിക്കുന്ന മഴ. ഇന്നും നാളെയും രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളും മേഘാവൃതമായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ചിലയിടങ്ങളില്‍ ആലിപ്പഴവും വീഴാം.
ഒന്നര വര്‍ഷത്തെ മഴ മൂന്നു ദിവസം കൊണ്ടു ലഭിച്ച സന്തോഷത്തിലാണ് യു.എ.ഇ. ഇത്തവണ 141.8 മില്ലി മീറ്റര്‍ മഴയാണ് മൂന്നു ദിവസം കൊണ്ടു പെയ്തിറങ്ങിയത്. വരും ദിവസങ്ങളിലും മഴ പെയ്യുമെന്ന മുന്നറിയിപ്പുകൂടി വന്നതോടെ കണക്ക് ഇനിയും കൂടും. ഷമാലിന്റെ (വടക്കു പടിഞ്ഞാറന്‍ കാറ്റ്) ശക്തി കൂടുന്നതോടെ അന്തരീക്ഷം പൊടിപടലം നിറഞ്ഞതാകുമെന്നും അലര്‍ജിയുള്ളവരും പ്രായമായവരും കുട്ടികളും പുറത്തിറങ്ങുമ്പോള്‍ മതിയായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്.
മഴയെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ച റോഡുകള്‍ കഴിഞ്ഞ ദിവസം തുറന്നു. കല്‍ബ, ഹുജൈറ ഭാഗങ്ങളിലേക്കു പോകുന്ന മലീഹ റോഡിലെ ഗതാഗതമാണ് പുന:സ്ഥാപിച്ചത്.