ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുഖ്യപ്രതിയും ബി.ജെ.പി മുന്‍ എം.എല്‍.എയുമായ കുല്‍ദീപ് സെന്‍ഗാര്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ഡല്‍ഹിയിലെ തീസ് ഹസാരി പ്രത്യേക കോടതി ജഡ്ജി ധര്‍മേന്ദ്ര കുമാര്‍ വ്യാഴാഴ്ച ശിക്ഷ പ്രഖ്യാപിക്കും.

സെന്‍ഗാറിന്റെ ബന്ധുവും സഹപ്രതിയുമായ ശശി സിങ്ങിന് സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയച്ചു. സെന്‍ഗാറിനെതിരായ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് സി.ബി.ഐ തെളിയിച്ചിട്ടുള്ളത്. കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതികളുടെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടായതായും ജഡ്ജി ചൂണ്ടിക്കാട്ടി.

കേസില്‍ ഒന്‍പത് പ്രതികളാണ് ഉണ്ടായിരുന്നത്. മറ്റു പ്രതികളുടെ കാര്യത്തില്‍ വിധി പ്രസ്താവം ഉണ്ടായിട്ടില്ല. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഉന്നാവോയില്‍നിന്ന് ഡല്‍ഹിയിലെ അതിവേഗ കോടതിയിലേക്ക് കേസിന്റെ വിചാരണ മാറ്റിയത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കുല്‍ദീപ് സെന്‍ഗാറിനെതിരായ കേസ്. ഇതില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിനെ കള്ളക്കേസില്‍ കുടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാള്‍ പിന്നീട് പോലീസ് കസ്റ്റഡിയില്‍വെച്ച് കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് സംഭവം ദേശീയതലത്തില്‍ വിവാദത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.

കേസ് നടന്നുകൊണ്ടിരിക്കെ 2019 ജൂലായില്‍ യുവതിയും കുടുംബാംഗങ്ങളും സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ച് ബന്ധുക്കളായ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി ഏറെ നാളത്തെ ചികിത്സയ്ക്കു ശേഷമാണ് രക്ഷപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here