യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കേരള സര്‍വകലാശാലയുടെ ഉത്തരക്കടലാസുകളും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ സീലും പിടിച്ചെടുത്തതോടെ ഉത്തരംമുട്ടി സര്‍വ്വകലാശാലാ അധികൃതര്‍.

പരീക്ഷാചോദ്യങ്ങളടക്കം കുട്ടിസഖാക്കള്‍ക്ക് ലഭിച്ചിരുന്നൂവെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. പി.എസ്.സി. പരീക്ഷയടക്കമുള്ള സംവിധാനത്തിലെ സുതാര്യത തന്നെ ചോദ്യംചെയ്യപ്പെടുന്ന ഗുരുതര അവസ്ഥയെത്തിയിട്ടും ഇടതുസര്‍ക്കാര്‍ അനങ്ങുന്ന മട്ടില്ല. ‘ഒറ്റപ്പെട്ട’ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതല്ലാതെ മുഖ്യമന്ത്രിയടക്കമുള്ള ഇടതുനേതാക്കള്‍ മൗനം തുടരുകയാണ്.

യൂണിവേഴ്‌സിറ്റി കോളജധികൃതരും സര്‍വ്വകലാശാലാ അധികൃതരും കാലങ്ങളായി തുടരുന്നിരുന്ന കള്ളക്കളിയാണ് ഇത്തവണ പുറംലോകത്തെത്തുന്നത്. മുന്‍ എം.എല്‍.എയും പ്രമുഖ സി.പി.എം. നേതാവുമായ വി. ശിവന്‍കുട്ടിയുടെ ഭാര്യ ആര്‍. പാര്‍വ്വതീദേവിയാണ് ഒരു പി.എസ്.സി. അംഗം. ബാക്കിയുള്ളവരും കടുത്ത ഇടത് നോമികളാണ്. ഉത്തരക്കടലാസുകള്‍ ചോരുന്നവഴികളിലേക്കാണ് ഇവരിലേക്ക് സംശയമുന ഉയരുന്നതും.

കാലങ്ങളായി ക്ലാസില്‍ക്കയറാതെ രാഷ്ട്രീയം കളിച്ചുനടക്കുന്ന കുട്ടിസഖാക്കള്‍ പരീക്ഷയില്‍ ഉന്നതവിജയം നേടുന്നതിന്റെ ഗുട്ടന്‍സാണ് മറനീക്കി പുറത്തുവരുന്നത്. കേരള സര്‍വ്വകലാശാല അധികൃതരടക്കം കുട്ടിസഖാക്കളെ വേണ്ട രീതിയില്‍ പരിഗണിക്കുന്നുമുണ്ട്.

കഷ്ടപ്പെട്ട് ഉറക്കൊഴിച്ച് പഠിച്ച് പരീക്ഷയെഴുതുന്ന ലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികളെ കൊഞ്ഞനംകുത്തിക്കൊണ്ടാണ് യൂണിവേഴ്‌സിറ്റി കോളജിലെ പ്രമുഖ സഖാക്കള്‍ എക്കാലത്തും വന്‍വിജയം നേടിയിരുന്നത്. ഈ കുട്ടിസഖാക്കളില്‍ പലരും മൂത്തുപഴുക്കുമ്പോഴേക്കും പി.എച്ച്.ഡി. അടക്കം ഉന്നത അക്കാദമിക് ‘നിലവാരം’ പുലര്‍ത്തുമെന്നതാണ് ഏവരെയും അതിശയിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here