യൂണിവേഴ്‌സിറ്റി കോളജില്‍ തികഞ്ഞ അരാജകത്വമാണെന്ന് സേവ് എഡ്യൂക്കേഷന്‍ കമ്മിഷന്‍ പ്രഖ്യാപിച്ച അന്വേഷണക്കമ്മിഷന്‍ അധ്യക്ഷന്റെ റിപ്പോര്‍ട്ട്.
യൂണിവേഴ്‌സ്റ്റി കോളജില്‍ ആത്മഹത്യയ്ക്കുശ്രമിച്ച ആറ്റിങ്ങല്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി നേരിട്ടത് കടുത്ത മാനസികപീഡനമെന്നും എസ്.എഫ്.ഐ. നേതൃത്വത്തില്‍ നിന്ന് വിദ്യാര്‍ത്ഥിനിക്ക് മോശം അനുഭവങ്ങളാണ് ഉണ്ടായതെന്നും ജസ്റ്റിസ് പി.കെ. ഷംഷുദ്ദീന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

യൂണിവേഴ്‌സിറ്റി കോളജിലടക്കം പല കോളജുകളിലും മികച്ച പഠനാവസരം നിഷേധിക്കപ്പെടുന്നുണ്ട്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ തണലില്‍ നടക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ പരാതികളും എസ്.എഫ്.ഐ. നേതാക്കള്‍ക്കെതിരേയാണ് ഉയര്‍ന്നിട്ടുള്ളതെന്നും കമ്മിഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങടങ്ങിയ റിപ്പോര്‍ട്ട് ഉടന്‍തന്നെ സര്‍ക്കാരിനും സര്‍വ്വകലാശാലകളുടെ വൈസ്ചാന്‍സലറായ ഗവര്‍ണര്‍ക്കും കൈമാറും.

യൂണിവേഴ്‌സിറ്റി കോളജിലെ സംഭവങ്ങള്‍ പരീക്ഷാ അട്ടിമറിയിലേക്ക് വരെ വിരല്‍ചൂണ്ടുന്ന സന്ദര്‍ഭത്തില്‍ കേരളസര്‍വ്വകലാശാലയും പ്രതിക്കൂട്ടിലാണ്.

ഇക്കാര്യത്തില്‍ ഉടന്‍ അന്വേഷണം നടത്തണമെന്ന് മന്ത്രി കെ.ടി. ജലീലിനോട് ഗവര്‍ണര്‍ പി.സദാശിവം ആവശ്യപ്പെട്ടതോടെ പരുങ്ങലിലാണ് സര്‍ക്കാരും സര്‍വ്വകലാശാല അധികൃതരും. ജസ്റ്റിസ് പി.കെ. ഷംഷുദ്ദീന്റെ റിപ്പോര്‍ട്ട് കൂടി ഗവര്‍ണര്‍ക്ക് ലഭിക്കുന്നതോടെ അദ്ദേഹം സ്വീകരിക്കുന്ന നിലപാടുകളാകും ഇനി ശ്രദ്ദേയം.

LEAVE A REPLY

Please enter your comment!
Please enter your name here