തിരുവനന്തപുരം: തന്നെ പ്രകോപിപ്പിച്ചാൽ കേന്ദ്ര ഏജൻസികൾ പിണറായി വിജയനെ പൊക്കി അകത്തിടുമെന്ന് തോമസ് ഐസക്കിനെ ആരോ പറഞ്ഞ് ധരിപ്പിച്ചിരിക്കുന്നതായി കേന്ദ്രമന്ത്രി വി മുരളീധരൻ. പിണറായിക്കെതിരെ സ്വർണക്കടത്ത് കേസ് പ്രതിയുടെ മൊഴി കോടതിയിലെത്തിയ ശേഷം ഐസക്കിന്റെ ആവേശം കൂടിയിട്ടുണ്ടെന്നും പിണറായിയെ ജയിലിലടയ്ക്കുന്ന ആ സുന്ദര മുഹൂർത്തം സ്വപ്നം കണ്ടാണ് ഐസക് ഉറങ്ങുന്നതെന്നും വി മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു. സ്വയം കണ്ണടച്ചു പിടിച്ചാൽ ലോകം മുഴുവൻ ഇരുട്ടുപരക്കുമെന്ന മൂഢവിശ്വാസത്തിലാണ് കേന്ദ്രമന്ത്രി വി.മുരളീധരനെന്നും അദ്ദേഹത്തെ ആർഎസ്എസുകാർ പോലും വിശ്വാസത്തിലെടുക്കില്ലെന്നും കഴിഞ്ഞ ദിവസം തോമസ് ഐസക് പരിഹസിച്ചിരുന്നു.
വി മുരളീധരന്റെ കുറിപ്പിന്റെ പൂർണരൂപം
എന്നെ പ്രകോപിപ്പിച്ചാൽ കേന്ദ്ര ഏജൻസികൾ പിണറായിയെ പൊക്കി അകത്തിടുമെന്ന് തോമസ് ഐസക്കിനെ ആരോ പറഞ്ഞ് ധരിപ്പിച്ചിരിക്കുന്നു !
കുറച്ച് ദിവസങ്ങളായി ഐസക്കിന്റെ FB പോസ്റ്റുകൾ കാണുമ്പോൾ ‘മിഥുനം’ സിനിമയിലെ ആ രംഗമാണ് ഓർമ വരുന്നത്……
”തേങ്ങ ഉടയ്ക്ക് സ്വാമീ……”
പിണറായിക്കെതിരായ സ്വർണക്കടത്ത് കേസ് പ്രതിയുടെ മൊഴി കോടതിയിലെത്തിയ ശേഷം ഐസക്കിന്റെ ആവേശം കൂടിയിട്ടുണ്ട്….
കേന്ദ്ര അന്വേഷണ ഏജൻസികളുടെ കടിഞ്ഞാൺ എന്റെ കയ്യിലല്ല പ്രഫസർ…..!
പിണറായിയെ ജയിലിലടയ്ക്കുന്ന ആ സുന്ദരമുഹൂർത്തം സ്വപ്നം കണ്ടുറങ്ങുന്ന താങ്കളുടെ മനോവികാരം ഞാൻ മനസിലാക്കുന്നു….
അന്വേഷണ ഏജൻസികൾ അതിന്റെ മുറയ്ക്ക് കാര്യങ്ങൾ ചെയ്തു കൊള്ളും…. താങ്കൾക്ക് ആശങ്ക വേണ്ട….
അമിത് ഷാ ഉന്നയിച്ച പ്രധാന ചോദ്യങ്ങള്‍ക്ക് പിണറായിക്ക് ഉത്തരമില്ലാത്ത സ്ഥിതിക്ക്, ചില ഉപചോദ്യങ്ങള്‍ കൂടി ചുവടെ ചേര്‍ക്കുന്നു….
ഇനി പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത സ്ഥിതിക്ക് തോമസ് ഐസക്കിനും ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടാം….
1. സ്വപ്ന സുരേഷിന് ജയിലില്‍ മതിയായ സുരക്ഷ ഒരുക്കണമെന്ന സാമ്പത്തിക കുറ്റവിചാരണക്കോടതി ഉത്തരവിലെ പരാമര്‍ശം നീക്കിക്കിട്ടാന്‍ ജയില്‍ ഡി ജി പി ഹൈക്കോടതിയില്‍ പോയതെന്തിന് ?(കോടതി ഉത്തരവനുസരിച്ചുള്ള സുരക്ഷ നല്കിയാല് മതിയായിരുന്നല്ലോ..)
2. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കിയാല് മാപ്പുസാക്ഷിയാക്കാമെന്ന് ഇ ഡി വാഗ്ദാനം നല്‍കിയെന്ന് സ്വപ്ന സുരേഷ് പറയുന്നതായ ശബ്ദരേഖ റെക്കോര്‍ഡ് ചെയ്തതും ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്കിയതും കേരള സ്പെഷല്‍ ബ്രാഞ്ചായിരുന്നോ ?
3. ഈ ശബ്ദരേഖ ചോര്‍ന്നതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണം എവിടെയെത്തി?
4. കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുമ്പോള്‍ കേരള പൊലീസിലെ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നിരിക്കെ ഇഡി ഉദ്യോഗസ്ഥന് സ്വപ്നയെ നിര്‍ബന്ധിക്കുന്നത് ഞാന്‍ കേട്ടു എന്നവകാശപ്പെട്ട് ഇടതു സഹയാത്രികയായ പൊലീസുകാരിയെ ‘രംഗത്തിറക്കുന്നത് ആരാണ് ?
5. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ യുഎഇ കോണ്‍സുല്‍ ജനറലിന് സംസ്ഥാനം എക്സ് കാറ്റഗറി സുരക്ഷ നല്‍കിയത് കസ്റ്റംസ് പരിശോധനകള്‍ ഒഴിവാക്കാനായിരുന്നോ..?അദ്ദേഹത്തിന് എന്ത് സുരക്ഷാഭീഷണിയാണ് ഉണ്ടായിരുന്നത് ?
6. കോണ്‍സുലേറ്റിലെ ഫിനാൻസ് വിഭാഗം ഉദ്യോഗസ്ഥനായ ഖാലിദ് അലി ഷൗക്കിയ്ക്ക് മുഖ്യമന്ത്രിയുടെ കീഴിലുള്ള സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗം കേന്ദ്ര അനുമതിയില്ലാതെ ഡിപ്ലോമാറ്റിന് സമാനമായ തിരിച്ചറിയൽ കാര്‍ഡ് നല്‍കിയത് എന്തിന് ?
7.ഇത് സംബന്ധിച്ച് അന്വേഷണം മുറുകിയപ്പോള്‍ പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഫാനിന് പെട്ടന്ന് തീപിടിക്കുകയും ഫയലുകള്‍ കത്തുകയും ചെയ്തതത് എങ്ങനെ ?
വേട്ടയാടല്‍ സിദ്ധാന്തവും പരിവേദനങ്ങളുമല്ല, ചോദ്യങ്ങൾക്ക് വസ്തുതാപരമായ മറുപടികളാണ് പ്രതീക്ഷിക്കുന്നത് …..