കീവ്: ഡോണ്ബാസിലേക്കുള്ള സൈനിക നടപടി പുടിന് പ്രഖ്യാപിച്ചതിനു പിന്നാലെ ഉക്രെയിന്റെ തലസ്ഥാനമായ കീവിലുള്‍പ്പെടെ വന്‍സ്ഫോടനങ്ങള്‍. മണിക്കൂറുകള്‍ക്കകം ഉക്രെയിനില വ്യോമത്താവളങ്ങളും പ്രതിരോധസംവിധാനങ്ങളും നിര്‍വീര്യമാക്കിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അഞ്ചു റഷ്യന്‍ വിമാനങ്ങളും ഒരു ഹെലികോപ്ടറും ലുഹാന്‍സ്കില്‍ വെടിവച്ചിട്ടതായി യുക്രെയിന് സൈന്യം പ്രതികരിച്ചു.
പ്രതിരോധത്തിനു മുതിരരുതെന്നും ആയുധം വച്ചു കീഴടങ്ങണമെന്നുമുള്ള പുടിന്റെ മുന്നറിയിപ്പിനു പിന്നാലെ തിരിച്ചടിക്കുമെന്ന് ഉക്രെയിന് പ്രതികരിക്കുകയും ചെയ്തു. റഷ്യ ഏകപക്ഷീയമായ ആക്രമണം തുടങ്ങിവച്ചതാണെന്നും ആരും ഒളിച്ചോടാന്‍ പോകുന്നില്ലെന്നും യുക്രെയ്ന് വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ട്വീറ്റ് ചെയ്തു.
നിരവധി നഗരങ്ങളില്‍ ആക്രമണം ഉണ്ടായതോടെ ഉക്രെയ്നില് പട്ടാളനിയമം പ്രഖ്യാപിച്ചു. ലോകാരാജ്യങ്ങള്‍ റഷ്യയെ തടയണമെന്നും ഉക്രെയ്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു. റഷ്യ നടത്തിയ ഷെല്ലാക്രമണങ്ങളില്‍ ഏഴു പേര് കൊല്ലപ്പെട്ടതയും ഒമ്പതു പേര്‍ക്കു പരുക്കേറ്റതായും ഉക്രെയ്ന് വ്യക്തമാക്കി.