അതിതീവ്ര കോവിഡ് വ്യാപനം: ബ്രിട്ടണില്‍ വീണ്ടും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

ലണ്ടന്‍: ബ്രിട്ടനില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. രോഗവ്യാപന ശേഷി കൂടിയ പുതിയ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബ്രിട്ടണ്‍ ദേശീയതലത്തില്‍ വീണ്ടും സമ്ബൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചത്. ഒരു മാസത്തേക്കാണ് സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ബുധനാഴ്ച രാത്രിയോടെ സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ നിലവില്‍ വരും. നിലവില്‍ ഫെബ്രുവരി പകുതിവരെയാണ് അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും സാഹചര്യം വിലയിരുത്തി തുടര്‍നടപടികള്‍ സ്വീകരിക്കും. കോളേജുകളും സ്കൂളുകളും അടച്ചിടും. വരുന്ന ആഴ്ചകള്‍ കഠിനമാകുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി.

രോഗികളുടെ എണ്ണം പെട്ടെന്ന്‌ ക്രമാതീതമായി പെരുകുന്നത് കണക്കിലെടുത്താണ് അടച്ചിടലിലേക്ക് നീങ്ങുന്നതെന്ന് ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ അവസാനം മുതല്‍ ജൂണ്‍ വരെ ഏര്‍പ്പെടുത്തിയ ആദ്യഘട്ട ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യസര്‍വ്വീസിനുള്ള സ്ഥാപനങ്ങളും കടകളും അല്ലാത്തവ അടച്ചിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

54,990 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 454 പുതിയ മരണങ്ങളും 28 ദിവസങ്ങളില്‍ ഉണ്ടായി. ഇപ്പോള്‍ തന്നെ വളരെ കര്‍ശനമായ നടപടികളാണ് ആരോഗ്യ വകുപ്പ് കോവിഡ് വ്യാപനത്തിന് എതിരെ സ്വീകരിച്ചിരിക്കുന്നത്. പ്രതിപക്ഷം 24 മണിക്കൂറിനകം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു.

അതേസമയം, അതിതീവ്ര കൊറോണ വൈറസ്‌ ബാധ കേരളത്തിലും സ്ഥിരീകരിച്ചു. ആറ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി കെ.കെ.ശൈലജ അടിയന്തര വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വകഭേദം വന്ന കോവിഡ് രോഗബാധ കേരളത്തില്‍ സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. വളരെ കരുതിയിരിക്കണമെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

കോഴിക്കോട്-2, ആലപ്പുഴ-2, കോട്ടയം-1, കണ്ണൂര്‍-1 എന്നിങ്ങനെയാണ് കേരളത്തില്‍ അതിതീവ്ര കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബ്രിട്ടനില്‍ നിന്നെത്തിയ ആറ് പേര്‍ക്കാണ് വകഭേദം സംഭവിച്ച കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. കൂടുതല്‍ പരിശോധനാഫലങ്ങള്‍ കാത്തിരിക്കുകയാണെന്നും വിദേശത്തു നിന്ന് എത്തിയവര്‍ സ്വയമേവ സര്‍ക്കാര്‍ സംവിധാനങ്ങളെ അറിയിക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

കോഴിക്കോടും ആലപ്പുഴയിലും ഓരോ കുടുംബത്തിലെ രണ്ടുപേര്‍ക്ക് വീതം രോഗം. കോട്ടയത്തും കണ്ണൂരും ഓരോ കേസുകള്‍ സ്ഥിരീകരിച്ചു. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ‌്യൂട്ടിലാണ് പുതിയ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here