ഗവേഷണകാലം അധ്യാപനപരിചയമായി കണക്കാനാവില്ലെന്ന് യു.ജി.സി, കണ്ണൂരില്‍ പ്രിയ വര്‍ഗീസിനു തിരിച്ചടി

കൊച്ചി | മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ നിയമനത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിലപാടുമായി യു.ജി.സി. മലയാളം അസോഷ്യേറ്റ് പ്രഫസറായി പ്രിയ വര്‍ഗീസിനെ നിയമിച്ച വിഷയത്തില്‍ ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നു യുജിസി ഹൈക്കോടതിയെ വാക്കാല്‍ അറിയിച്ചു. ഇക്കാര്യം രേഖാമൂലം നല്‍കാന്‍ സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. നിയമനത്തിനുള്ള സ്റ്റേ ഒരുമാസംകൂടി നീട്ടി.

പ്രിയ വര്‍ഗീസിനെ നിയമിച്ച നടപടി സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ മരവിപ്പിച്ചിരുന്നു. തൃശൂര്‍ കേരളവര്‍മ കോളജില്‍ അധ്യാപികയായ ഡോ. പ്രിയ വര്‍ഗീസിന്, കഴിഞ്ഞ നവംബറില്‍ വി സി ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി നീട്ടുന്നതിന് തൊട്ടുമുമ്പ് ഇന്റര്‍വ്യു നടത്തി ഒന്നാം റാങ്ക് നല്‍കിയതോടെയാണ് വിവാദം കടുത്തത്. തുടര്‍ന്ന് മാറ്റിവെച്ചിരുന്ന റാങ്ക് പട്ടിക കഴിഞ്ഞമാസം ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം അംഗീകരിക്കുകയായിരുന്നു.

25 വര്‍ഷത്തെ അധ്യാപന പരിചയവും നൂറില്‍പരം ഗവേഷണ പ്രബന്ധങ്ങളുമുള്ള ചങ്ങനാശ്ശേരി എസ് ബി കോളജിലെ ഡോ. ജോസഫ് സ്‌കറിയയെയും മലയാളം സര്‍വകലാശാലയിലെ രണ്ട് അധ്യാപകരെയും പിന്തള്ളിയാണ് മൂന്ന് വര്‍ഷത്തെ അധ്യാപന പരിചയം മാത്രമുള്ള പ്രിയ വര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാന്‍ ഒന്നാംറാങ്ക് നല്‍കിയത് എന്നാണ് ആരോപണം. യു.ജി.സി. മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിയമനമെന്നാണ് സര്‍ക്കാരും സര്‍വകലാശാലയും വാദിച്ചിരുന്നത്. യു.ജി.സിയുടെ നിലപാട് ഇരുകൂട്ടരെയും പ്രതിരോധത്തിലാക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here