കോവിഡ് വാക്സിന്‍ കുത്തിവെപ്പിന്‍റെ ഡ്രൈ റണിന് ഇന്ന് തുടക്കമാകും. ആന്ധ്ര പ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. അടിയന്തര ഉപയോഗത്തിനായി കോവിഷീല്‍ഡ് സമർപ്പിച്ച അപേക്ഷ, പരിശോധനയുടെ അവസാന ഘട്ടത്തിലാണ്.

ആന്ധ്ര, അസം, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലെ രണ്ട് വീതം ജില്ലകളിലും 5 വ്യത്യസ്ത കുത്തിവെപ്പ് കേന്ദ്രങ്ങളിലുമാണ് ഡ്രൈ റണ്‍. കുത്തിവെപ്പെടുക്കല്‍, പ്രത്യാഘാതം ഉണ്ടായാല്‍ കൈകാര്യം ചെയ്യല്‍, കേന്ദ്രങ്ങളിലെ അണുബാധ നിയന്ത്രണം തുടങ്ങിയവ നിരീക്ഷിക്കും. ശീതീകരണ സംവിധാനങ്ങളുടെ പരിശോധനയും നടത്തും. ശേഷം രണ്ട് ദിവസത്തെ വിലയിരുത്തലുകള്‍ കേന്ദ്ര – സംസ്ഥാന സർക്കാരുകള്‍ക്ക് കൈമാറും.

അടുത്തയാഴ്ച വാക്സിന്‍റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കുമെന്നാണ് വിവരം. ഓക്ഫോർഡ് സർവകലാശാലയും പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും വികസിപ്പിച്ച കോവിഷീല്‍ഡ് മാത്രമാണ് വിശദമായ വിവരങ്ങള്‍ അടങ്ങിയ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ഇത് സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓർഗനൈസേഷന്‍ പരിശോധിച്ച് വരികയാണ്. കോവാക്സിനും ഫൈസറും കൂടുതല്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി അപേക്ഷ സമർപ്പിച്ചിട്ടില്ല.

അതേസമയം രാജ്യത്ത് ആകെ കോവിഡ് കേസുകള്‍ 1.01 കോടി ആയി. 2.78 ലക്ഷമാണ് ചികിത്സയിൽ ഉള്ളവർ. രോഗമുക്തി നിരക്ക് 95.82%ൽ എത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ മഹാരാഷ്ട്രയില്‍ 3314ഉം കർണാടകയില്‍ 911ഉം ഡല്‍ഹിയില്‍ 757ഉം കേസുകള്‍ റിപ്പോർട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here