രസകരമായ ഒരു രംഗവുമായി മലയാള ചിത്രം ‘ഒരു താത്വിക അവലോകനം’ ടീസർ പുറത്തിറങ്ങി. അജു വർഗീസും ഷമ്മി തിലകനുമാണ് ഈ രംഗത്തിലുള്ളത്. രാഷ്ട്രീയ പാർട്ടികളുടെ നർമ്മത്തിൽ പൊതിഞ്ഞ തരത്തിലെ കമന്റാണ് ഈ വീഡിയോയിലുള്ളത്.
ജോജു ജോർജ്, അജു വർഗീസ്, നിരഞ്ജ് രാജു എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘ഒരു താത്വിക അവലോകനം’. ‘സന്ദേശം’ എന്ന സിനിമയിലെ പ്രശസ്ത ഡയലോഗും നടൻ ശങ്കരാടിയുടെ ചിത്രവും ചേർന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ തുടക്കം മുതലേ ശ്രദ്ധേയമായിരുന്നു. മമ്മൂട്ടിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. അഖിൽ മാരാർ ആണ് സംവിധാനവും രചനയും.
ഡോ: ഗീവർഗീസ് യോഹന്നാൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് വിഷ്ണു നാരായണൻ. എഡിറ്റർ ലിജോ പോൾ. സംഗീതം ഒ.കെ. രവിശങ്കറും, പശ്ചാത്തല സംഗീതം ഷാൻ റഹ്മാനും നിർവഹിക്കുന്നു. പ്രൊജക്റ്റ് ഡിസൈൻ: ബാദുഷ. രജീഷ വിജയൻ നായികയായ ‘ഫൈനൽസിലാണ്’ നിരഞ്ജ് ഏറ്റവും ഒടുവിലായി വേഷമിട്ടത്. പി.ആർ. അരുണായിരുന്നു സംവിധാനം.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1991 ൽ പുറത്തിറങ്ങിയ സന്ദേശം എന്ന സിനിമയിലെ കുമാര പിള്ള എന്ന കഥാപാത്രമാണ് ശങ്കരാടി അവതരിപ്പിച്ചത്. ‘റാഡിക്കൽ ആയ ഒരു മാറ്റം അല്ല.’ എന്ന് അജു വർഗീസ് ഇൻസ്റ്റഗ്രാമിൽ ഇട്ട പോസ്റ്റ് ചെയ്ത പോസ്റ്ററിൽ പറഞ്ഞിരുന്നു. ഇപ്പോൾ തിയേറ്ററുകളിൽ പ്രദര്‍ശനത്തിലുള്ള നായാട്ടാണ് ജോജുവിന്റെ ഏറ്റവും പുതിയ ചിത്രം. ഇതിൽ പോലീസുകാരന്റെ വേഷമാണ് ജോജു അവതരിപ്പിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുകയാണ്.
സാജൻ ബേക്കറി സിൻസ് 1962, സുനാമി തുടങ്ങിയ ചിത്രങ്ങൾ അജു വർഗീസിന്റേതായി അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഇതിൽ സുനാമി ലോക്ക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വന്ന ശേഷം ബാക്കിയുള്ള ഭാഗങ്ങൾ കൂടി ചിത്രീകരിച്ച് പൂർത്തിയാക്കിയ ചിത്രമാണ്. ‘സാജൻ ബേക്കറി സിൻസ് 1962’വിൽ തിരക്കഥാകൃത്തിന്റെയും നായകന്റെയും വേഷങ്ങളിൽ അജു നിറഞ്ഞ് നിന്നിരുന്നു. ധ്യാൻ ശ്രീനിവാസനും വിശാഖ് സുബ്രമണ്യവും ചേർന്നാണ് ഈ സിനിമയുടെ നിർമ്മാണം.
നിഗൂഢത നിറഞ്ഞ പ്രമേയവുമായി തിയേറ്ററുകളിലെത്തിയ കമല എന്ന ചിത്രത്തിൽ അജു വർഗീസായിരുന്നു നായകൻ. അജു വര്‍ഗ്ഗീസ്, അനൂപ് മേനോന്, പുതുമുഖം റുഹാനി ശര്‍മ്മ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘കമല’.