കാപ്പിറ്റോള്‍ കലാപം: ട്രംപിനെതിരേ പ്രതിഷേധം ശക്തം, പദവികള്‍ രാജിവച്ച്‌ ഭരണകൂടത്തിലെ പ്രമുഖര്‍

വാഷിങ്ടണ്‍: കാപ്പിറ്റോള്‍ കലാപത്തില്‍ ഡോണള്‍ഡ് ട്രംപിനെതിരേ പ്രതിഷേധം ശക്തം. കാപ്പിറ്റോള്‍ മന്ദിരത്തില്‍ ഇരച്ചുകയറി ട്രംപ് അനുകൂലികള്‍ കലാപം അഴിച്ചുവിട്ടതില്‍ പ്രതിഷേധിച്ച്‌ നിരവധി പ്രമുഖരാണ് തങ്ങളുടെ പദവികള്‍ രാജിവച്ചത്.യുഎസ് ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വീസസ് അസിസ്റ്റന്റ് സെക്രട്ടറി എലിനോര്‍ മക്കാന്‍സ്‌കാറ്റ്‌സ് രാജിവച്ചവരില്‍ പ്രമുഖനാണ്. പുതിയ പ്രസിഡന്റ് അധികാരം ഏറ്റെടുക്കുംവരെ തുടരനായിരുന്നു തന്റെ തീരുമാനം. എന്നാല്‍, കാപ്പിറ്റോള്‍ മന്ദിരം കലാപത്തിനിരയായത് തന്റെ തീരുമാനത്തെ തകിടംമറിച്ചു.ഈ നീക്കം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന്് താന്‍ വിശ്വസിക്കുന്നു. 

തന്റെ ഹൃദയത്തില്‍ തൊട്ട്, ഇനി തനിക്ക് തുടരാന്‍ കഴിയില്ല. അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനം രാജിവയ്ക്കാന്‍ തീരുമാനിച്ചു എലിനോര്‍ മക്കാന്‍സ് പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിദ്യാഭ്യാസ സെക്രട്ടറി ബെറ്റ്‌സി ദേവോസ്, വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി സാറാ മാത്യൂസ്, പ്രഥമ വനിത മെലാനിയ ട്രംപിന്റെ ചീഫ് സ്റ്റാഫ് സ്‌റ്റെഫാനി ഗ്രിഷാം, വൈറ്റ് ഹൗസിലെ സോഷ്യല്‍ സെക്രട്ടറി അന്ന ക്രിസ്റ്റീന റിക്കി നിസെറ്റ തുടങ്ങിയവരും രാജിവച്ചിട്ടുണ്ട്.

അതേസമയം, കാപ്പിറ്റോള്‍ മന്ദിരത്തിലുണ്ടായ കലാപത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. അക്രമണത്തില്‍ പരിക്കേറ്റ ഒരു പോലിസുകാരനാണ് ഏറ്റവും ഒടുവില്‍ മരിച്ചത്. വാഷിങ്ടണ്‍ ഡിസിയിലും കാപ്പിറ്റോള്‍ മന്ദിരത്തിലും മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെയാണ് അഞ്ച് പേര്‍ മരിച്ചത്.

സംഭവത്തിന് പിന്നാലെ കാപ്പിറ്റോള്‍ പോലിസ് മേധാവി വ്യാഴാഴ്ച്ച രാജിവെച്ചിരുന്നു. കലാപം നിയന്ത്രിക്കാന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ പരാജയപ്പെട്ടതോടെ സ്പീക്കര്‍ നാന്‍സ് പെലേസി രാജിയാവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here