കുടിവെള്ളവിതരണം: കാപ്പുകാട് റിസര്‍വോയറില്‍ നിന്ന് പമ്പിംഗ് ആരംഭിച്ചു

0

*നഗരത്തില്‍ മൂന്നു ദിവസത്തേക്ക് പമ്പിംഗ് നിയന്ത്രണം പിന്‍വലിച്ചു

 തിരുവനന്തപുരം: കാപ്പുകാട് റിസര്‍വോയറില്‍ നിന്ന് വെള്ളം അരുവിക്കര ഡാമിലെത്തിക്കുന്നതിനുളള പമ്പിംഗ് ഇന്നലെ ആരംഭിച്ചു. ഇതിനെ തുടര്‍ന്ന് നഗരത്തില്‍ പ്രഖ്യാപിച്ചിരുന്ന പമ്പിംഗ് നിയന്ത്രണം മൂന്നു ദിവസത്തേക്ക് പിന്‍വലിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് അറിയിച്ചു. പമ്പിംഗ് പ്രവര്‍ത്തനങ്ങള്‍ മന്ത്രി കാപ്പുകാട് സന്ദര്‍ശിച്ച് വിലയിരുത്തി.

തിരുവനന്തപുരം നഗരത്തില്‍ ഏറ്റവും രൂക്ഷമായ കുടിവെള്ളക്ഷാമം ഉണ്ടായേക്കാവുന്ന സാഹചര്യമാണ് നിലവിലുണ്ടായിരുന്നതെന്ന് മന്ത്രി പറഞ്ഞു. മെയ് പതിനഞ്ചു കഴിഞ്ഞാല്‍ കുടിവെള്ളവിതരണം തടസപ്പെടുമെന്ന് ഉറപ്പായപ്പോള്‍ 25 ശതമാനം പമ്പിംഗ് കുറയ്ക്കുകയായിരുന്നു. 25 ശതമാനം മാത്രമേ പമ്പിംഗ് കുറച്ചുള്ളൂവെങ്കിലും വെള്ളക്ഷാമം രൂക്ഷമായിരുന്നു. ഉയര്‍ന്ന പ്രദേശങ്ങളില്‍ പലയിടത്തും ജലമെത്തിക്കാനായില്ല.
ഈ സാഹചര്യത്തിലാണ് നെയ്യാറില്‍ നിന്നും ജലമെടുത്ത് അരുവിക്കരയിലെത്തിക്കാനുള്ള  ശ്രമങ്ങള്‍ തുടങ്ങിയത്. ഈ പരീക്ഷണത്തിന്റെ  ആദ്യഘട്ടം വിജയിച്ചതിനാല്‍ ഇന്നലെ (വെള്ളിയാഴ്ച) മുതല്‍ മൂന്നുദിവസത്തേക്ക് പമ്പിംഗ് നിയന്ത്രണം അവസാനിപ്പിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. മൂന്നു ദിവസം കഴിഞ്ഞാല്‍ വീണ്ടും നിയന്ത്രണം തുടരും. ഇറിഗേഷന്‍ വകുപ്പിന്റെ ഒരു ഡ്രഡ്ജര്‍ മാത്രം ഉപയോഗിച്ചാണ് ഇപ്പോള്‍ പമ്പിംഗ് നടത്തുന്നത്. ട്രാവന്‍കൂര്‍ സിമന്റ്‌സിന്റെ ഒരു ഡ്രഡ്ജര്‍ അടുത്ത ദിവസം തന്നെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആ ഡ്രഡ്ജറിന് പമ്പ്‌ചെയ്യാനുള്ള പൈപ്‌ലൈനുകള്‍ സ്ഥാപിച്ചുകഴിഞ്ഞു.

വാട്ടര്‍ അതോറിറ്റിയുടെ 100 ഹോഴ്‌സ്പവറിന്റെ രണ്ട് സെന്‍ട്രിഫ്യൂഗല്‍ പമ്പുകള്‍ ഉടനടി സ്ഥാപിക്കും. വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന രൂപത്തിലുള്ള രണ്ട് സബ്‌മെഴ്‌സിബിള്‍ പമ്പുകള്‍ ഉടന്‍ എത്തിക്കും. ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായിട്ടുള്ള ഇറിഗേഷന്‍ വകുപ്പിന്റെ ഡ്രഡ്ജറും ഉടന്‍ എത്തുന്ന ട്രാവന്‍കൂര്‍ സിമന്റ്‌സിന്റെ ഡ്രഡ്ജറും വാട്ടര്‍ അതോറിറ്റിയുടെ രണ്ട് 100 ഹോഴ്‌സ്പവര്‍ പമ്പുകളുമുപയോഗിച്ച് മെയ് ആദ്യവാരത്തില്‍ത്തന്നെ ജലവിതരണം കാര്യക്ഷമമാക്കാനാവും. അതിനിടയില്‍ മഴകിട്ടിയാല്‍ ജലദൗര്‍ലഭ്യത്തിന്റെ രൂക്ഷത വീണ്ടും കുറയും.

നെയ്യാര്‍ഡാമില്‍ നിന്ന് വലതുകരയും ഇടതുകരയും തുറന്നുവിടണമെന്ന ആവശ്യം വളരെ ശക്തമായിട്ടുണ്ട്. കുടിവെള്ളത്തിനാണ് ഏറ്റവും മുന്തിയ പരിഗണന. ജനങ്ങളുടെ മറ്റാവശ്യങ്ങള്‍ക്കുനേരെ കണ്ണടയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല.  ഡ്രഡ്ജര്‍ ഇറക്കി ജലനിരപ്പ് ക്രമീകരിച്ചതിനുശേഷം കനാലുകളിലൂടെ ആവശ്യമായത്ര വെള്ളം തുറന്നുവിടും. നെയ്യാര്‍ ഡാമില്‍ നിന്ന് വെള്ളം തുറന്നുവിടുന്നു എന്നതുകൊണ്ട് ജല ഉപയോഗത്തില്‍ നിയന്ത്രണത്തിന്റെ ആവശ്യമില്ല എന്നു  കരുതരുതെന്നും ജലദുരുപയോഗം നടത്താതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here