തിരുവനന്തപുരം: ഒരു വര്‍ഷം മുമ്പ് കേരളത്തെ പ്രളയം പിടികൂടിയപ്പോള്‍ ദുരിതത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയവരെ മുന്നില്‍ നിന്നു നയിക്കാന തലസ്ഥാനത്ത് കലക്ടര്‍ വാസുകി ഉണ്ടായിരുന്നു. ഇക്കുറി സംസ്ഥാനം മഴക്കെടുതിയില്‍ മുങ്ങി നില്‍ക്കെ അവധിയെടുത്ത് മുങ്ങിയ തിരുവനന്തപുരം കലക്ടര്‍ കെ ഗോപാലകൃഷ്ണന്റെ നടപടി വിവാദമാകുന്നു. അവധിയില്‍ പോകുന്നതിന് മുമ്പ് വടക്കന്‍ ജില്ലകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ഇപ്പോള്‍ സാധനങ്ങളൊന്നും വേണ്ടെന്ന്് ഫേസ് ബുക്കില്‍ പോസ്റ്റും ഷെയര്‍ ചെയ്യാനും അദ്ദേഹം മറന്നില്ല.

അവധി ഉപേക്ഷിച്ച് എല്ലാ ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതിനു പിന്നാലെയാണ് തലസ്ഥാനത്തെ കലക്ടര്‍ അവധിയിലാണെന്ന വാര്‍ത്ത വരുന്നത്. കലക്ടര്‍ അവധിയില്‍ പോയത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ ഏകോപനത്തേയും ബാധിച്ചിട്ടുണ്ട്.

തലസ്ഥാനത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കുള്ള സാധനങ്ങള്‍ ശേഖരിക്കുന്ന തിരക്കിനിടെയാണ് കലക്ടറുടെ വിവാദ അറിയിപ്പും അവധിയെടുക്കലും. നഗരസഭ, തിരുവനന്തപുരം പ്രസ്‌ക്ലബും ഭാരത് ഭവന്‍ തുടങ്ങി നഗരത്തിലെ ഒട്ടനവധി കേന്ദ്രങ്ങളില്‍ ദുരിതബാധിതര്‍ക്കായുള്ള കലക്ഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അവധിയില്‍ പോയ ഉദ്യോഗസ്ഥര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നതോടെ രണ്ടാം ശനിയാഴ്ച ആയിട്ടും വില്ലേജ് ഓഫീസുകള്‍ അടക്കം ഇന്നലെ പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ പ്രളയകാലത്ത് തലസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ നിന്ന് നയിച്ച ജില്ലാ കലക്ടര്‍ വാസുകി സ്ഥാനമൊഴിഞ്ഞപ്പോള്‍ സ്ഥാനമേറ്റെടുത്തതാണ് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍.

LEAVE A REPLY

Please enter your comment!
Please enter your name here