തിരുവനന്തപുരം | ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ സ്ഥലംമാറ്റത്തിനുളള മാനദണ്ഡങ്ങളും ചട്ടങ്ങളും പരിഷ്കരിച്ചു. പതിവുകള്‍ക്കു വിരുദ്ധമായി പൊതുഭരണ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഉത്തരവാക്കി പുറത്താക്കി.
ജീവനക്കാര്‍ക്ക് എല്ലാ വകുപ്പുകളിലും സേവനപരിചയം ആവശ്യമാമെന്നു ഉത്തരവ് വിശദീകരിക്കുന്നു. അസിസ്റ്റന്റ്, സെക്ഷന്‍ ഓഫീസര്‍ തസ്തികളിലുള്ള ഉദ്യേഗസ്ഥര്‍ക്ക് അഞ്ചു വര്‍ഷത്തിലൊരിക്കലും അണ്ടര്‍ സെക്രട്ടി, ഡെപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, സ്പെഷല്‍ സെക്രട്ടറി എന്നിവര്‍ മൂന്നു വര്‍ഷത്തിലൊരിക്കലും നിര്‍ബന്ധമായും സ്ഥലം മാറ്റണമെന്ന് പുതിയ ഉത്തരവ് പറയുന്നു. മറ്റു തസ്തികകളിലെ ജീവനക്കാരെ അഞ്ചു വര്‍ഷം കൂടുമ്പോഴും കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റുമാരെ ബന്ധപ്പെട്ട ഓഫീസര്‍മാരുടെ അഭിപ്രായം അനുസരിച്ചും മാറ്റാം.
സെക്ഷന്‍ ഓഫീസര്‍ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനു മുഖ്യമന്ത്രിയുടെ അംഗീകാരം ആവശ്യമാണ്. സമയപരിധി കഴിഞ്ഞും ഒരാളെ തുടരാന്‍ അനുവദിക്കണമെങ്കില്‍ വകുപ്പു സെക്രട്ടറിയും മന്ത്രിമാരുടെ താല്പര്യപ്രകാരമാണെങ്കില് ബന്ധപ്പെട്ട സെക്രട്ടറിയും അറിഞ്ഞിരിക്കണം. തിരുവനന്തപുരം ജില്ലയ്ക്കു പുറത്തേക്കുള്ള ഡെപ്യൂട്ടേഷന് നിയമനങ്ങള്‍ക്ക് ഉദ്യോഗസ്ഥരുടെ സമ്മതം നിര്‍ബന്ധം. സമ്മതമുള്ളവര്‍ ഇല്ലെങ്കില്‍ കേഡറിലെ ഏറ്റവും ജൂനിയര്‍ ഉദ്യോഗസ്ഥരെ അയക്കാം. വിരമിക്കുന്നതിനു മുമ്പുള്ള രണ്ടു വര്‍ഷക്കാലം ഡെപ്യൂട്ടേഷനു പരിഗണിക്കില്ല. ഡെപ്യൂട്ടേഷനിലുള്ളവര്‍ വിരമിക്കുന്നതിനു ഒരു വര്‍ഷം മുമ്പെങ്കിലും സെക്രട്ടേറിയറ്റില്‍ തിരിച്ചെത്തണം.
എന്നാല്‍, സര്‍വീസ് സംഘടനകളുടെ പ്രസിഡന്റിനും ജനറല്‍ സെക്രട്ടറിക്കും വ്യവസ്ഥകളില്‍ ഇളവ് തുടര്‍ന്നും ലഭിക്കും. സ്റ്റാഫ് വെല്‍ഫയര്‍ സൊസൈറ്റി, കാന്റീന് തുടങ്ങിയവയുടെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷര്‍, സ്റ്റോര്‍ കീപ്പര്‍ തുടങ്ങി മൂന്നു പ്രധാന ഭാരവാഹികള്‍ക്കും ഇളവു നേടാനാകും.