വയനാട്ടിൽ യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; ഹോംസ്റ്റേ ഉടമ ടെന്റുകൾ കെട്ടിയത് ലൈസൻസില്ലാതെ

വയനാട്: വയനാട്ടിൽ യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ ടെന്റുകൾക്ക് ലൈസൻസില്ലായിരുന്നെന്ന് റിപ്പോർട്ട്. ഹോം സ്റ്റേക്ക് മാത്രമായിരുന്നു ലൈസൻസ് ഉണ്ടായിരുന്നതെന്നും ടെന്റുകൾക്ക് ലൈസൻസ് ഇല്ലെന്നും ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. കണ്ണൂർ സ്വദേശിയായ യുവതി താമസിച്ചിരുന്നത് വന്യമൃഗശല്യം രൂക്ഷമായ പ്രദേശത്തായിരുന്നു. ഇവിടെ ഹോം സ്റ്റേയോട് ചേർന്ന ടെന്റിൽ വെച്ചാണ് അപകടമുണ്ടായത്. അതേസമയം ഹോം സ്റ്റേയ്ക്കും ലൈസൻസില്ലെന്ന് പഞ്ചായത്ത് അധികൃതർ പ്രതികരിച്ചതായും റിപ്പോർട്ടുണ്ട്.

മേപ്പാടി എളമ്പലേരിയിലെ സ്വകാര്യ റിസോർട്ടിൽ എത്തിയ കണ്ണൂർ ചേലേരി കല്ലറപുരയിൽ ഷഹാന (26) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു ആനയുടെ ആക്രമണം ഉണ്ടായത്. അപകടം നടന്ന സ്ഥലത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചിരുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ടെന്റുകൾക്ക് സർക്കാർ ലൈസൻസ് അനുവദിക്കാറില്ലെന്നാണ് ഹോം സ്റ്റേ ഉടമ പറയുന്നത്.

ടെന്റുകൾക്ക് സമീപത്തെ കാട് പോലും വെട്ടിത്തെളിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്. യുവതി ശുചിമുറിയിൽ പോയി മടങ്ങുന്ന വഴി കാട്ടാന ആക്രമിച്ചതാണെന്നാണ് ഹോം സ്റ്റേ ഉടമ പറയുന്നത്. കാട്ടാനയെ കണ്ട് ഓടുന്നതിനിടെ യുവതി ഭയന്ന് വീണുവെന്നും ഈ സമയത്ത് ആന ചവിട്ടിക്കൊന്നുവെന്നുമാണ് ഉടമയുടെ മൊഴി.

മേപ്പാടിയിൽ നിന്ന് ഒൻപത് കിലോമീറ്റർ ദൂരെയാണ് ഹോം സ്റ്റേ. ഇവിടെ വന്യമൃഗങ്ങളുടെ ശല്യമില്ലെന്നാണ് ഹോം സ്റ്റേ അധികൃതരുടെ വാദം. എന്നാൽ പഞ്ചായത്ത് പ്രസിഡന്റും വനം വകുപ്പും ഈ വാദം തള്ളിക്കളയുകയാണ്. ഹോം സ്റ്റേയിൽ നിന്നും ഏതാണ്ട് പത്ത് മീറ്റർ മാത്രമേ ഇവിടേക്ക് അകലമുള്ളൂ. അംഗീകാരമില്ലാതെ റിസോർട്ടിന് ചുറ്റും ടെന്റ് കെട്ടുന്നത് നിരോധിക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ തഹസിൽദാരോട് ആവശ്യപ്പെട്ടിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here