ഡല്‍ഹി | സാധാരണക്കാരെ ആശങ്കയിലാക്കിക്കൊണ്ട് തക്കാളിയുടെ വില രാജ്യത്തുടനീളം വര്‍ദ്ധിക്കുകയാണ്. തക്കാളി മൂല്യ ശ്യംഖല വര്‍ദ്ധിപ്പിക്കുന്നതിനും താങ്ങാവുന്ന വിലയില്‍ ലഭ്യത ഉറപ്പാക്കുന്നതിനുമായി ടൊമാറ്റോ ഗ്രാന്‍ഡ് ചലഞ്ച് (ടിജിസി) ഹാക്കത്തോണ്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പിന്റെ പുതിയ നീക്കം.
വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, അധ്യാപകര്‍, വ്യവസായങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, പ്രൊഫഷണലുകള്‍ എന്നിവര്‍ പുതിയ മത്സരത്തില്‍ പങ്കെടുത്ത് തക്കാളി വില കുറയ്ക്കുന്നതിനുള്ള നൂതന ആശയങ്ങള്‍ നിര്‍ദ്ദേശിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.
കര്‍ഷകര്‍ക്കുള്ള വിളവെടുപ്പ്, മാര്‍ക്കറ്റ് സ്ഥിതിവിവരക്കണക്കുകള്‍, പഴങ്ങളുടെ ഉയര്‍ന്ന ഷെല്‍ഫ് ലൈഫ് ഉള്ള അനുയോജ്യമായ കൃഷികള്‍ (OP ഇനങ്ങള്‍ അല്ലെങ്കില്‍ സങ്കരയിനങ്ങള്‍), സംസ്‌കരണത്തിന് പ്രത്യേകമായി അനുയോജ്യമായ കൃഷികള്‍, നൂതന പാക്കേജിംഗും സംഭരണവും തുടങ്ങി തക്കാളി മൂല്യ ശൃംഖലയിലെ സമഗ്രവും കേന്ദ്രീകൃതവുമായ ഇടപെടലുകളെക്കുറിച്ചുള്ള ആശയങ്ങള്‍ ഗ്രാന്‍ഡ് ചലഞ്ച് ക്ഷണിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍, റിസര്‍ച്ച് സ്‌കോളര്‍മാര്‍, ഫാക്കല്‍റ്റി അംഗങ്ങള്‍ എന്നിവരെ ഒരു ട്രാക്കിലും വ്യവസായ വ്യക്തികള്‍, ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ), പരിമിത ബാധ്യതാ പങ്കാളിത്തം എന്നിങ്ങനെ രണ്ടാമത്തെ ട്രാക്കിനു കീഴിലുമാണ് പ്രവേശനത്തിനു ക്ഷണിച്ചിരിക്കുന്നത്. താല്‍പ്പര്യമുള്ള പങ്കാളികള്‍ക്ക് പോര്‍ട്ടലില്‍ അപേക്ഷിക്കാം: https://doca.gov.in/gtc/index.php
ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും തക്കാളി ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍, ഇന്ത്യയുടെ മൊത്തം ഉല്‍പ്പാദനത്തിന്റെ 56-58 ശതമാനവും തെക്കന്‍, പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ നിന്നാണ്. ഉല്‍പ്പാദന സീസണുകളും പ്രദേശങ്ങളിലുടനീളം വ്യത്യസ്തമാണ്. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഏറ്റവും കൂടുതല്‍ വിളവെടുപ്പ്.
ജൂലൈ-ഓഗസ്റ്റ്, ഒക്ടോബര്‍-നവംബര്‍ മാസങ്ങളാണ് തക്കാളിയുടെ കുറവ് ഉല്‍പാദന മാസങ്ങള്‍. മണ്‍സൂണ്‍ കാലത്തോട് ചേര്‍ന്ന് വരുന്ന ജൂലൈയില്‍ വിതരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വെല്ലുവിളികളും വര്‍ദ്ധിച്ച ഗതാഗത നഷ്ടവും വിലക്കയറ്റത്തിന് കാരണമാകുന്നു.