തിരുവനന്തപുരം: ചീഫ് സെക്രട്ടറി ടോം ജോസ് മാത്രമല്ല, വിരമിക്കുന്നവരുടെ പട്ടികയില്‍ പേരെടുത്ത ഒരുകൂട്ടം ഉദ്യോഗസ്ഥര്‍ തന്നെയുണ്ട്. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കാര്യമായ യാത്രയയപ്പുകള്‍ ഇല്ലെങ്കിലും പലരുടെയും പടിയിറക്കം ശ്രദ്ധിക്കപ്പെടുകയാണ്.

ടോം ജോസിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ യാത്ര അയപ്പു നല്‍കി. പോലീസിന്റെ തലപ്പത്തുനിന്ന് പടിയിറങ്ങുന്നവരില്‍ ജേക്കബ് തോമസും, ഹേമചന്ദ്രനുമാണ് മുന്‍പന്തിയില്‍. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയും മറ്റു മാര്‍ഗങ്ങളിലൂടെയുമാണ് ഇക്കുറി പലര്‍ക്കും യാത്ര അയപ്പ്. എന്നാല്‍, വേറിട്ട വഴിയാണ് പടിയിറക്കത്തിന് സംസ്ഥാനത്തെ മുതിര്‍ന്ന് ഐ.പി.എസ്. ഉദ്യോഗസ്ഥന്‍, ഡോ. ജേക്കബ് തോമസ് സ്വീകരിച്ചത്.

സര്‍ക്കാരുമായി ഇടഞ്ഞ ഡിജിപി ജേക്കബ് തോമസ് സഹപ്രവര്‍ത്തകര്‍ നല്‍കിയ യാത്ര അയപ്പ് ചടങ്ങില്‍ പോലും പങ്കെടുക്കാതെയാണ് വിരമിക്കുന്നത്. അവസാന സര്‍വീസ് ദിവസം ഓഫീസിലാണ് ജേക്കബ് തോമസ് കിടന്നുറങ്ങിയത്. ഓഫീസില്‍ കിടക്ക വിരിച്ചിരിക്കുന്ന ചിത്രം അദ്ദേഹം തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. സിവില്‍ സര്‍വീസ് അവസാന ദിവസത്തിന്റെ തുടക്കവും ഒടുക്കവും ഷൊര്‍ണ്ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ഓഫീസില്‍ എന്നാണ് ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജേക്കബ് തോമസ് മത്സരിക്കാതിരിക്കാന്‍ എല്ലാവഴിയും സര്‍ക്കാര്‍ നോക്കിയിരുന്നു. അതിനാല്‍, തന്നെ വരും നാളുകളിലെ ജേക്കബ് തോമസിന്റെ നീക്കങ്ങള്‍ രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നതാണ്. അതെല്ലാം കൊണ്ടുതന്നെ, ഓഫീസിലെ ഷീറ്റു വിരിച്ചുറങ്ങാന്‍ തയാറെടുക്കുന്ന ചിത്രത്തിനും അടിക്കുറുപ്പിനും വന്‍ വരവേല്‍പ്പും ചര്‍ച്ചയുമാണ് സമൂഹമാധ്യമങ്ങളില്‍.

പോലീസ് ആസ്ഥാനത്തും ഐപിഎസ് അസോസിയേഷനും സംഘടിപ്പിച്ച യാത്ര അയപ്പ് ചടങ്ങുകളില്‍ നിന്നും ജേക്കബ് തോമസ് വിട്ടുനിന്നു.

ഉന്നത തസ്തികകളിലുള്ളവര്‍ മാത്രമല്ല, താഴേതട്ടിലും നിരവധി പേരുടെ ഔദ്യോഗിക ജീവിതം അവസാനിച്ചു. ഇവരില്‍ വലിയൊരു വിഭാഗം സാധാരണക്കാരുമായി നടത്തിയ നല്ല ഇടപെടലുകളുടെ പേരിലും ജോലിയോട് കാട്ടിയ ആത്മാര്‍ത്ഥതയുടെ പേരിലും ശ്രദ്ധനേടിയവരാണ്. ‘ ഇനിയും വിലപ്പെട്ടത് പലതും ചെയ്യാനുണ്ട്, എന്നാല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും പടിയിറങ്ങുകയാണ്….’ ഫയര്‍ ഫോഴ്‌സില്‍ നിന്നും വിരമിക്കുന്ന, നിരവധി ബഹുമതികള്‍ നേടിയിട്ടുള്ള സ്‌റ്റേഷന്‍ ഓഫീസര്‍ സി. അശോക് കുമാറിന്റെ വാക്കുകളാണിത്. പത്മതീര്‍ത്ഥകുളം രക്ഷാപ്രവര്‍ത്തനം, അമ്പൂരി ദുരന്തത്തിലെ രക്ഷാ പ്രവര്‍ത്തനം, ക്ലോസറ്റില്‍ പ്രസവിച്ച ചോരകുഞ്ഞിനെ രക്ഷിച്ചത്, ഉഡുപ്പി ലോഡ്ജ് അപകടം, കരുനാഗപ്പള്ളി ടാങ്കര്‍ ദുരന്തം തുടങ്ങി സമൂഹം കൈയടിച്ച നിരവധി രക്ഷാ പ്രവര്‍ത്തനങ്ങളില്‍ അശോകിന്റെ കൈയൊപ്പുണ്ട്.

24 റിവാര്‍ഡുകള്‍, മുഖ്യമന്ത്രിയുടെ ഫയര്‍ സര്‍വീസ് മെഡല്‍, രാഷ്ട്രപതിയുടെ മെഡിറ്റോറിയല്‍ മെഡല്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങളുമായിട്ടാണ് 25 വര്‍ഷത്തെ ഔദ്യോഗിക സേവനം ഇദ്ദേഹം അവസാനിപ്പിക്കന്നത്.

അശോക് കുമാര്‍ മാത്രമല്ല, ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ നിരവധി പേര്‍ വിരമിക്കുന്നവരുടെ പട്ടികയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here