അജ്മാന്‍/ആലപ്പുഴ: ബി.ഡി.ജെ.എസ്. നേതാവും എന്‍.ഡി.എ കേരളയുടെ ചെയര്‍മാനുമായ തുഷാര്‍ വെള്ളാപ്പള്ളി യു.എ.ഇയില്‍ അറസ്റ്റില്‍. അജ്മാനില്‍ ജയിലിലായ തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.

പത്തു വര്‍ഷം മുമ്പ് ബിസിനസ് പങ്കാളിക്ക് പത്തുമില്യണ്‍ യുഎഇ ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക് നല്‍കിയ കേസിലാണ് അറസ്റ്റ്. വ്യാഴാഴ്ചയായതിനാല്‍ ഇന്ന് പുറത്തിറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത ദിവസങ്ങളിലെ രണ്ട് പൊതു അവധി ദിവസങ്ങള്‍ തുഷാറിന് ജയിലില്‍ കഴിയേണ്ടി വരും.

കഴിഞ്ഞ ദിവസം രാത്രി അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപള്ളിയെ അറസ്റ്റ് ചെയ്തത്. പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് നല്‍കിയ വണ്ടിച്ചെക്കാണ് നടപടിക്ക് കാരണം.

ബിസിനസ് പൊളിഞ്ഞ് നാട്ടിലേക്ക് കടന്ന തുഷാര്‍ വെള്ളാപ്പള്ളി പിന്നീട് രാഷ്ട്രീയരംഗത്ത് സജീവമായി. ഇതിനിടെ പലതവണ നാസില്‍ അബ്ദുള്ളയ്ക്ക് കാശ് കൊടുത്തുതീര്‍ക്കാമെന്നേറ്റെങ്കിലും നടപടിയുണ്ടായില്ല.

ഒത്തു തീര്‍പ്പിനായി ചൊവ്വാഴ്ച രാത്രി അജ്മാനിലേക്ക് വിളിച്ചു വരുത്തി താമസസ്ഥലത്ത് വച്ച് യു.എ.ഇ സ്വദേശിയായ നാസിലിന്റെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം പത്തുവര്‍ഷം മുമ്പ് നല്‍കിയ ചെക്കിന് ഇപ്പോള്‍ സാധുത ഇല്ലെന്നാണ് തുഷാറിന്റെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here