തൃശൂര്‍ പൂരത്തിനിടെ മരം വീണ് അപകടം; രണ്ട് പേര്‍ മരിച്ചു

തൃശൂർ: പൂരത്തിനിടെ മരം വീണ് ഉണ്ടായ അപകടത്തിൽ രണ്ട് മരണം. തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെയാണ് അപകടം നടന്നത്. അപകടത്തില്‍ തിരുവമ്പാടി ദേവസ്വം അംഗങ്ങളായ രണ്ട് പേര്‍ മരിച്ചു. നടത്തറ സ്വദേശി രമേശന്‍, പൂങ്കുന്നം സ്വദേശി പനിയത്ത് രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്.

തിരുവമ്പാടി ക്ഷേത്രത്തിൽ പഞ്ചവാദ്യത്തിനിടെ ആൽക്കൊമ്പ് പൊട്ടിവീഴുകയായിരുന്നു. മൂന്ന് പോലീസുകാർക്കും മേളക്കാരും ഉൾപ്പെടെ ഇരുപത്തിയേഴോളം പേർക്ക് പരിക്കേറ്റു. ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് മരക്കൊമ്പിനടിയിൽ നിന്ന് ആളുകളെ പുറത്തെടുത്തത്.

പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. വൈദ്യുതി കമ്പിയിലേക്കാണ് മരം പൊട്ടി വീണത്. രാത്രി പന്ത്രണ്ടോടെയാണ് ബ്രഹ്മസ്വം മഠത്തിന് സമീപത്തെ ആൽമര കൊമ്പ് പൊട്ടി വീണ് അപകടമുണ്ടായത്. പഞ്ചവാദ്യം കൊട്ടിക്കയറുന്ന സമയത്താണ് അപകടം ഉണ്ടായതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

എന്‍‍‍ഡിആര്‍എഫ് സംഘവും കളക്ടറും ജില്ലാ പൊലീസ് മേധാവിയും സ്ഥലത്ത് എത്തിയിട്ടുണ്ട്. ആള്‍ക്കൂട്ടം കുറഞ്ഞത് വലിയ ദുരന്തം ഒഴിവാക്കിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

അതേസമയം, അപകടത്തെത്തുടർന്ന് പുലർച്ചെ നടക്കേണ്ട വെടിക്കെട്ട് ഉപേക്ഷിച്ചു. വെടിക്കോപ്പുകൾ കൂട്ടത്തോടെ കത്തിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തിൽ പതിനഞ്ച് ആനപ്പുറത്തുള്ള എഴുന്നെള്ളിപ്പ് പാറമേക്കാവ് ദേവസ്വം ഒഴിവാക്കി. ഒരു ആനപ്പുറത്താണ് എഴുന്നെള്ളിപ്പ് നടത്തുക. പകൽ പൂരത്തിന്റെ സമയവും വെട്ടി ചുരുക്കി

LEAVE A REPLY

Please enter your comment!
Please enter your name here