തൃശൂര്‍: അവന്‍ വരുന്നു… പൂരപറമ്പുകളെ ആവേശത്തിലാറാടിക്കാന്‍. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കാന്‍ അനുമതി. കര്‍ശന ഉപാധികളോടെ തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ എഴുന്നള്ളത്തിന് ഇറക്കാനാണ് തൃശൂര്‍ സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്‍റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അനുമതി നല്‍കിയത്. നാട്ടാന പരിപാലനചട്ട പ്രകാരമുള്ള ജില്ലാ മോണിറ്ററിങ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് അനുമതി.

ആനയെ ആഴ്ചയില്‍ രണ്ടുതവണ മാത്രം എഴുന്നള്ളിക്കാം. നാലു പാപ്പാന്‍മാര്‍ കൂടെ വേണമെന്നും നിര്‍ദേശമുണ്ട്. ജനങ്ങളില്‍ നിന്നും അഞ്ചു മീറ്റര്‍ അകലം പാലിക്കണം. പ്രത്യേക എലിഫന്‍റ് സ്‌ക്വാഡ് എല്ലാ എഴുന്നള്ളിപ്പിനും ഉണ്ടാകണമെന്നും ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദേശത്തില്‍ പറയുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യനില പരിശോധിച്ച് വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് അനുമതി നല്‍കിയിട്ടുള്ളത്. ആന ഉടമ എന്ന നിലയില്‍ രാമചന്ദ്രന്‍റെ എഴുന്നള്ളിപ്പു സമയത്തെ സുരക്ഷയുടെ പൂര്‍ണ ഉത്തരവാദിത്വം തെച്ചിക്കോട്ടുകാവ് ദേവസ്വത്തിനായിരിക്കും.

കര്‍ശന ഉപാധികളോടെ മാത്രമേ ആനയെ ഉത്സവത്തിനിറക്കാന്‍ പാടുള്ളുവെന്നും ഉത്തരവില്‍ പറയുന്നു.
തൃശൂര്‍ ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ഉഷാറാണിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഫെബ്രുവരി എട്ടിന് ആനയെ പരിശോധിച്ചിരുന്നു. നിബന്ധനകള്‍ കര്‍ശനമായി പാലിക്കാമെന്ന് ആനയുടെ ഉടമകളില്‍ നിന്ന് മുദ്രപത്രത്തില്‍ നിന്ന് എഴുതി വാങ്ങിയ ശേഷമാണ് ഉത്സവങ്ങള്‍ക്ക് ഇറക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here