കൊച്ചി: കോതമംഗലം പളളി ഏറ്റെടുക്കുന്നതു സംബന്ധിച്ച് ഉത്തരവിട്ടാല്‍ ജഡ്ജിയെ പച്ചയ്ക്കു കത്തിക്കുമെന്ന് ഭീഷണിക്കത്ത്. ഓര്‍ത്തഡോക്സ് വിശ്വാസികള്‍ സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിനാണ് ഭീഷണി കത്ത് ലഭിച്ചത്. കേസ് പരിഗണിക്കുന്നതിനിടെയാണ് ജഡ്ജി ഭീഷണിക്കത്ത് ലഭിച്ച വിവരം വെളിപ്പെടുത്തിയത്. കത്ത് രജിസ്ട്രി വഴി പോലീസിനു കൈമാറിയതായും ജഡ്ജി വ്യക്തമാക്കി.
കേസില്‍ എറണാകുളം ജില്ലാ കലക്ടറോട് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല. തുടര്‍ന്ന് അഞ്ചു മിനിട്ടിനുള്ളില്‍ കലക്ടര്‍ ഹാജരായില്ലെങ്കില്‍ ജാമ്യമില്ലാതെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തരവിടുമെന്ന് കോടതി വ്യക്തമാക്കി. ഇതോടെയാണ് മറ്റു പരിപാടികള്‍ മാറ്റി കലക്ടര്‍ എസ്. സുഹാസ് കോടതിയിലെത്തിയത്. കേസ് എടുത്തപ്പോള്‍ കലക്ടറെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് അറ്റോര്‍ണിയും കോടതിയില്‍ ഉണ്ടായിരുന്നില്ല. കോടതിയിലെത്തിയ കലക്ടറെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്. സര്‍ക്കാരിന് ഉത്തരവ് നടപ്പാക്കാന്‍ സാധിക്കുകയില്ലെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ നേക്കേണ്ടി വരുമെന്നും കലക്ടറെ ജയിലില്‍ അടയ്ക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പു നല്കി.