കോട്ടയം: ചങ്ങനാശ്ശേരിക്കടുത്ത് പായിപ്പാട്ട് നാട്ടിലേക്കു മടങ്ങിപ്പോകണമെന്നാവശ്യപ്പെട്ട് നൂറു കണക്കിന് അതിഥി തൊഴിലാളികള്‍ നിരത്തിലിറങ്ങി. 21 ദിവസത്തെ ലോക്ക് ഡൗണ്‍ ലംഘിച്ചാണ് ഡല്‍ഹി മോഡലില്‍ ഭായിമാര്‍ റോഡില്‍ ഇറങ്ങിയിരിക്കുന്നത്.
രാവിലെ പതിനൊന്നു മണിയോടെയാണ് നൂറോളം മറ്റു സംസ്ഥാന തൊഴിലാളികള്‍ റോഡിലെത്തിയത്. പിന്നാലെ തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിക്കുകയായിരുന്നു. ആഹാരവും ഭക്ഷണവും ലഭിക്കുന്നില്ലെന്നും നാട്ടിലേക്കു മടങ്ങണമെന്നുമാണ് ഇവര്‍ ആവശ്യപ്പെട്ടത്.
ഉച്ചയോടുകൂടി ജില്ലാ ഭരണകൂടവും പോലീസും ശക്തമായി ഇടപെട്ട് നൂറു കണക്കിനു വരുന്ന തൊഴിലാളികള്‍ ഒത്തുകൂടി റോഡില്‍ നില്ക്കുന്ന സ്ഥിതി ഒരു പരിധിവരെ ഒഴിവാക്കി. എന്നാല്‍, പിന്മാറാതെ ഒരു വിഭാഗം പല സ്ഥലങ്ങളിലായി നിലയുറപ്പിച്ചിരിക്കുകയാണ്. തിരികെ പോകാന്‍ വണ്ടി വേണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും ഭക്ഷണം അടക്കമുള്ള കാര്യങ്ങള്‍ അവര്‍ ഉന്നയിക്കുന്നില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
സംഭവം ആസൂത്രീതമാണെന്നും ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അന്വേഷിക്കാന്‍ കോട്ടയം എസ്.പിയെ ചുമതലപ്പെടുത്തി.