തിരുവനന്തപുരം; ഭരണ തുട‍ര്‍ച്ച മുന്നിൽ കണ്ട് ഇടക്കാല ബജറ്റല്ല, സമ്പൂർണ ബജറ്റാണ് അവതരിപ്പിക്കുകയെന്ന് ധനമന്ത്രി തോമസ് ഐസക്. തുടർഭരണം ഉറപ്പിച്ചു കഴിഞ്ഞു. അതിനാൽ നാലു മാസ വോട്ടോൺ അക്കൗണ്ട് പാസാക്കുമെങ്കിലും ബജറ്റ് ലക്ഷ്യം വക്കുന്നത് ദീർഘകാല പദ്ധതികളാണെന്നും ധനമന്ത്രി പറഞ്ഞു.

സർക്കാരിന് ഏറെ പ്രശംസ നേടിക്കൊടുത്ത ക്ഷേമ പദ്ധതികൾക്ക് കാലോചിതമായ പുതിയ ഭാവം, തൊഴിലില്ലായ്മക്ക് കൃത്യമായ പരിഹാരം -തയ്യാറാകുന്ന ബജറ്റിന്‍റെ ഉള്ളടക്കത്തെ കുറിച്ചും ധനമന്ത്രി സൂചന നല്‍കി. കോവിഡ് പോലുള്ള പ്രതികൂല സാഹചര്യങ്ങളെ പ്രയോജനപ്പെടുത്തി കൂടുതൽ ജനക്ഷേമ പദ്ധതികൾക്ക് ഊന്നൽ നൽകും. തൊഴിലില്ലായ്മക്ക് ബജറ്റ് പരിഹാരം നിർദ്ദേശിക്കുകയും ചെയ്യും. സാധാരണക്കാരനെ പരിഗണിക്കുന്ന ബജറ്റാണ് ഉണ്ടാവുക.

കിഫ്ബിയിൽ നിന്ന് അധികമൊന്നും പ്രതീക്ഷിക്കരുത്. കിഫ്ബി അക്ഷയഖനിയല്ല, കിഫ്ബി വഴി പുതിയ പദ്ധതികൾ പ്രഖ്യാപിക്കില്ല. പ്രഖ്യാപിച്ചത് നടപ്പിലാക്കും. അറുപതിനായിരം കോടിയുടെ പദ്ധതികളാണ് നടപ്പാക്കാനുള്ളത്. സർക്കാർ ഗ്രാൻഡും പദ്ധതികളിലെ ലാഭവും മാത്രം സമാഹരിക്കും.

കടമെടുക്കാതെ സംസ്ഥാനത്തിന് മുന്നോട്ടു പോകാനാകില്ല. സർക്കാരിന്‍റെ പദ്ധതികൾക്ക് പണം കടമെടുക്കേണ്ട സാഹചര്യമാണെന്നും അല്ലാതെ മുന്നോട്ടു പോകാനാകില്ലെന്നും തോമസ് ഐസക് മീഡിയവണിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here