ടിക് ടോക്കിനെ ഇനി പ്രതീക്ഷിക്കേണ്ട, ചൈനീസ് ആപ്ലിക്കേഷനുകൾ സ്ഥിരമായി നിരോധിക്കാനൊരുങ്ങി ഇന്ത്യ

ഡൽഹി: ടിക് ടോക് ഉൾപ്പടെയുള്ള 58 ചൈനീസ് ആപ്ലിക്കേഷനുകൾക്ക് സ്ഥിരമായ വിലക്ക് ഏർപ്പെടുത്തുന്നതിനായി ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പുതിയ നോട്ടീസ് അയച്ചതായി റിപ്പോർട്ട്. സുരക്ഷ ഭീഷണിയെ മുൻനിർത്തി 2020 ജൂൺ 29ന് സർക്കാർ ഈ ആപ്ലിക്കേഷനുകൾ നിരോധിച്ചിരുന്നു. നിരോധനം ഏർപ്പെടുത്തിയ സമയത്ത് സ്വകാര്യതയും സുരക്ഷയും പാലിക്കുന്നതിനെക്കുറിച്ചുള്ള നിലപാട് വിശദീകരിക്കാൻ കമ്പനികളോട് സർക്കാർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാൽ കമ്പനികൾ നൽകുന്ന വിശദീകരണത്തിൽ സർക്കാറിന് തൃപ്തിയില്ലെന്നും അതിനാൽ 59 ചൈനീസ് ആപ്ലിക്കേഷനുകൾക്ക് സ്ഥിരമായ നിരോധനം ഏർപ്പെടുത്തുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞയാഴ്ചയാണ് നോട്ടീസ് നൽകിയതെന്നാണ് റിപ്പോർട്ട്. ചൈനയുമായുള്ള അതിർത്തി സംഘർഷത്തെ തുടർന്ന് ഡേറ്റ സുരക്ഷയും പൗരന്മാരുടെ സ്വകാര്യ സംരക്ഷിക്കേണ്ടതിന്റെ ആവശ്യവും കണക്കിലെടുത്ത് വിവര സാങ്കേതിക വിദ്യാ നിയമത്തിലെ 69എ വകുപ്പ് പ്രകാരമാണ് ഇന്ത്യയിൽ ഏറെ പ്രചാരത്തിലുണ്ടായിരുന്ന ടിക് ടോക്, യുസി ബ്രൗസർ, വിചാറ്റ് എന്നീ ചൈനീസ് ആപ്ലിക്കേഷനുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയത്.

കഴിഞ്ഞ ആറ് മാസത്തിനിടെ 208 ചൈനീസ് ആപ്ലിക്കേഷനുകളാണ് സർക്കാർ നിരോധിച്ചത്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംഘർഷങ്ങൾക്കിടെയായിരുന്നു നിരോധനം. ഇന്ത്യാ ഗവൺമെന്റിന്റെ നിർദേശം പാലിച്ച ആദ്യത്തെ കമ്പനികളിലൊന്നാണ് ടിക് ടോക്. പുതിയ നോട്ടീസ് വിലയിരുത്തുകയാണെന്നും ഉചിതമായ രീതിയിൽ പ്രതികരിക്കുമെന്നും ടിക് ടോക് പറ‍ഞ്ഞു. പ്രാദേശിക നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ നിരന്തരം പരിശ്രമിക്കുകയും സർക്കാരിനുണ്ടായേക്കാവുന്ന ആശങ്കകൾ പരിഹരിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യും. ഉപയോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതിന് മുൻ‌ഗണന നൽകുമെന്നും ടിക് ടോക് വക്താവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here