സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്നു ; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തമിഴ്‌നാട്ടില്‍ എല്ലാ തിയേറ്ററുകളും തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുമ്ബോള്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച്‌ ആരോഗ്യവകുപ്പ് കോവിഡ് മാനദണ്ഡങ്ങള്‍ പുറത്തിറക്കി. തിയറ്ററുകളില്‍ സീറ്റുകളുടെ 50 ശതമാനത്തിലധികം ആളുകളെ അനുവദിക്കരുതെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു. രാവിലെ 9 മുതല്‍ രാത്രി 9 വരെയേ തിയേറ്ററുകള്‍ തുറക്കാവുവെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.രാത്രി 9 മണിയോടെ പ്രദര്‍ശനം അവസനിപ്പിക്കണം. രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് പ്രദര്‍ശനത്തിന് അനുവദിച്ചിരിക്കുന്ന സമയം.

വായു സഞ്ചാരം കുറഞ്ഞ അടച്ചിട്ട സ്ഥലം, ആള്‍കൂട്ടം, അടുത്ത സമ്ബര്‍ക്കത്തിന് സാധ്യത എന്നിവ പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. മള്‍ട്ടിപ്ളെക്സുകളില്‍ ആള്‍കൂട്ടം ഒഴിവാക്കാന്‍ ഓരോ ഹാളിലും വ്യത്യസ്ത സമയങ്ങളില്‍ പ്രദര്‍ശനം ക്രമീകരിക്കണം. ഒന്നിടവിട്ട സീറ്റുകളിലെ ആളുകളെ ഇരുത്താവു. ഇതിനായി സീറ്റ് മാപ്പിങ് നടത്തണം. തിയേറ്റര്‍ ജീവനക്കാരെല്ലാം കോവിഡ് നെഗറ്റീവ് ആണെന്ന് പരിശോധിച്ച്‌ ഉറപ്പ് വരുത്തണം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.

തമിഴ്‌നാട്ടില്‍ മുഴുവന്‍ തിയേറ്ററുകളും സമ്ബൂര്‍ണതോതില്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. നടന്‍ വിജയ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണിത്. എല്ലാ സീറ്റിലും ഇരിക്കാന്‍ പ്രേക്ഷകര്‍ക്ക് അനുമതി നല്‍കി. 100 ശതമാനം കപ്പാസിറ്റിയോടെ സിനിമാ തിയേറ്ററുകള്‍ തുറക്കുന്ന ആദ്യ സംസ്ഥാനമാണ് തമിഴ്‌നാട്. വിജയുടെ സിനിമ മാസ്റ്റര്‍ പൊങ്കലിന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിലമ്ബരസന്റെ ഈശ്വരനും പൊങ്കലിനെത്തും. തിയേറ്ററുകള്‍ തുറക്കണമെന്ന് ചിലമ്ബരസനും സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു.

കൊറോണ രോഗം തമിഴ്‌നാട്ടില്‍ കുറഞ്ഞിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സര്‍ക്കാര്‍ തിയേറ്റര്‍ ഉടമകളോട് ആവശ്യപ്പെട്ടു. കൊറോണ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത തിയേറ്ററില്‍ ആദ്യം പ്രദര്‍ശിപ്പിക്കും. മാസ്‌ക് ധരിക്കേണ്ടതിന്റെയും ശുചിത്വം പാലിക്കേണ്ടതിന്റെയും ആവശ്യകതയും ബോധ്യപ്പെടുത്തും. ശേഷമാകും സിനിമ ആരംഭിക്കുക.

നവംബര്‍ 10 മുതല്‍ 50 ശതമാനം കപ്പാസിറ്റിയോടെ തിയേറ്ററുകള്‍ തുറക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇപ്പോള്‍ 100 ശതമാനം കപ്പാസിറ്റിയാണ് അനുവദിച്ചിരിക്കുന്നത്. ഇതോടെ സാമൂഹിക അകലം പാലിക്കാന്‍ സാധിക്കില്ല. ചെന്നൈയില്‍ നിലവില്‍ രണ്ട് കൊറോണ ക്ലസ്റ്ററുകളാണുള്ളത്. ഇവിടെയുള്ള പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. രണ്ട് ഹോട്ടലുകളില്‍ 105 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here