മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റി; സംഭവത്തിൽ ബി ജെ പിക്ക് പങ്കില്ലെന്ന് നേതാക്കൾ

കണ്ണൂർ: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗിന് മണിക്കൂറുകൾ മാത്രം അവശേഷിക്കേ നിശ്ശബ്ദ പ്രചരണവും പുരോഗമിക്കുകയാണ്. ഓരോ വോട്ടും തങ്ങൾക്ക് ഉറപ്പിക്കുന്നതിനുള്ള തത്രപ്പാടിലാണ് അവസാന മണിക്കൂറിൽ സ്ഥാനാർഥികൾ. ഇതിനിടയിലാണ് മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്ത് പിണറായി വിജയന്റെ കൂറ്റൻ കട്ടൗട്ടിന്റെ തല വെട്ടി മാറ്റിയ സംഭവം ഉണ്ടായിരിക്കുന്നത്.

ധർമടം മണ്ഡലത്തിലെ മമ്പറം പുതിയ പാലത്തിനടുത്ത് തലശേരി – അഞ്ചരക്കണ്ടി റോഡരികിൽ സ്ഥാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ കൂറ്റൻ കട്ടൗട്ടിന്റെ തലയാണ് വെട്ടി മാറ്റിയ നിലയിലുള്ളത്. പ്രദേശവാസികളുടെ ശ്രദ്ധയിൽ തിങ്കളാഴ്ച പുലർച്ചെയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.

അതേസമയം, സംഭവത്തിന് പിന്നിൽ ആർ എസ് എസ് പ്രവർത്തകരാണെന്ന് സി പി എം മമ്പറം ലോക്കൽ കമ്മിറ്റി നേതാക്കൾ ആരോപിച്ചു. തെരഞ്ഞെടുപ്പ് പരസ്യപ്രചരണത്തിന്റെ അവസാന ദിവസമായിരുന്ന ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ ഈ പ്രദേശത്ത് നടന്നിരുന്നു.

നേരത്തെ മുതൽ ആർ എസ് എസും സി പി എമ്മും തമ്മിൽ സംഘർഷം ഉണ്ടായിരുന്ന പ്രദേശങ്ങളിൽ ഒന്നാണ് ധർമ്മടം. ഇടതുമുന്നണി സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ജനസമ്മതിയിൽ വിറളി പൂണ്ട ആർ എസ് എസ് തെരഞ്ഞെടുപ്പ് സമയത്ത് സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് സി പി എം പ്രാദേശിക നേതൃത്വം ആരോപിച്ചു.

ദുഷ്ട മനസുകളാണ് ഇത്തരം പ്രവർത്തികൾ ചെയ്തതെന്ന് സ്ഥലം സന്ദർശിച്ച സി പി എം നേതാവ് എം വി ജയരാജൻ പറഞ്ഞു. പ്രദേശത്ത് ആർ എസ് എസ് – ബി ജെ പി ഗുണ്ടാ സംഘമുണ്ട്. ക്വട്ടേഷനിൽ പങ്കെടുക്കുന്നവരാണ് അവർ. ഇന്ന് അവിടെ പോയപ്പോഴാണ് എത്ര മാത്രം ദുഷ്ട മനസുകളാണ് മുഖ്യമന്ത്രിയുടെ മുഖം വെട്ടിയെടുത്ത് വികൃതമാക്കിയതെന്ന് മനസിലാകുന്നതെന്നും എം വി ജയരാജൻ പറഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആർ എസ് എസ് ശ്രമിക്കുകയാണെന്നും സി പി എം ജില്ല സെക്രട്ടറി എം വി ജയരാജൻ ആരോപിച്ചു.

അതേസമയം, ധർമ്മടം മണ്ഡലത്തിലെ മമ്പറത്ത് മുഖ്യമന്ത്രിയുടെ കട്ടൗട്ട് വെട്ടിമാറ്റിയ സംഭവത്തിൽ പാർട്ടി പ്രവർത്തകർക്ക് ബന്ധമില്ലെന്ന് ബി ജെ പി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ കെ വിനോദ് കുമാർ അറിയിച്ചു.

ബൈക്ക് റാലി നിരോധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ലംഘിച്ചു കൊണ്ട് പ്രചരണം നടത്തിയത് മുഖ്യമന്ത്രിയാണ്. നൂറിലധികം ബി ജെ പിയുടെ പ്രചരണ ബോർഡുകൾ സി പി എമ്മുകാർ നശിപ്പിച്ചു. എന്നിട്ടും, പ്രവർത്തകർ ആത്മസംയമനം പാലിച്ചു കൊണ്ടാണ് മണ്ഡലത്തിൽ പ്രവർത്തനം നടത്തുന്നത്. കട്ടൗട്ട് മുറിച്ചു മാറ്റിയ സംഭവത്തിൽ ബി ജെ പിക്ക് പങ്കില്ല എന്നും കെ കെ വിനോദ് കുമാർ വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here