ഓര്‍ത്തഡോക്‌സ് വൈദികന് ഒരു രാത്രിയും പകലും പിന്നിട്ടിട്ടും പള്ളിയില്‍ പ്രവേശിക്കാനായില്ല, സംഘര്‍ഷം തുടരുന്നു

0
13

കൊച്ചി: ഹൈക്കോടതി വിധിയുമായി കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളിയില്‍ ആരാധന നടത്താന്‍ എത്തിയ ഓര്‍ത്തഡോക്‌സ് സഭാ വൈദികന്‍ തോമസ് പോള്‍ റമ്പാനെ യാക്കബായ വിഭാഗം തടഞ്ഞു. വ്യാഴാഴ്ച രാവിലെ ഉടലെടുത്ത സംഘര്‍ഷാവസ്ഥ രാത്രിയിലും തുടരുന്നു.

യാക്കോബായ വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് റമ്പാന് അകത്തേക്ക് പ്രവേശിക്കാന്‍ സാധിച്ചിട്ടില്ല. ഒരിക്കല്‍ പോലീസ് സ്‌റ്റേഷനിലേക്കു മടങ്ങിപ്പോയ അദ്ദേഹം തിരികെ എത്തി അവസരം കാത്ത് പള്ളിക്കു മുന്നില്‍ തുടരുകയാണ്. അതേസമയം, യാക്കോബായ വിശ്വാസികളും പ്രാര്‍ത്ഥനയും മുദ്രാവാക്യം വിളികളുമായി തുടരുന്നു. രാത്രിയിലും സംഘര്‍ഷത്തിനു അയവുണ്ടായില്ല. രാത്രിയില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്ന് പോലീസ് നിലപാട് എടുത്തതോടെ രാവിലെ വരെ കാറിനുള്ളില്‍ തന്നെ തുടരാന്‍ വൈദികന്‍ തോമസ് പോള്‍ റമ്പാനും തീരുമാനിക്കുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ പ്രശ്‌നമുണ്ടാക്കിയവരെ പോലീസ് അറസ്റ്റുചെയ്‌തെങ്കിലും, മടങ്ങിപ്പോയ വൈദികന്‍ തിരികെയെത്തിയത് പള്ളിയങ്കണത്തെ മണിക്കൂറുകളോളം സംഘര്‍ഷഭൂമിയാക്കി. പള്ളിയില്‍ പ്രവേശിക്കാനുള്ള കോടതി ഉത്തരവുമായി വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയെത്തിയ ഓര്‍ത്തഡോക്‌സ് സഭാ വൈദികന്‍ റമ്പാന്‍ തോമസ് പോളിനെ സ്ത്രീകള്‍ ഉള്‍പ്പെടുന്ന യാക്കോബായ സഭാംഗങ്ങളാണ് പള്ളിക്കു മുന്നില്‍ തടഞ്ഞത്. ഇതില്‍ ഇരുപതോളം പേരെ അറസ്റ്റുചെയ്‌തെങ്കിലും വൈദികനെ പള്ളിക്കുള്ളില്‍ എത്തിക്കാന്‍ പോലീസിന് കഴിഞ്ഞില്ല. പോലീസ് സുരക്ഷ നല്‍കിയില്ലെന്ന് കോടതിയെ അറിയിക്കുമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗവും, പള്ളി വിട്ടുകൊടുക്കില്ലെന്ന നിലപാട് തന്നെ തുടരുമെന്ന് യാക്കോബായ സഭയും അറിയിച്ചിട്ടുണ്ട്.

പിറവം പള്ളിയിലെ ഓര്‍ത്തഡോക്‌സ് യാക്കോബായ തര്‍ക്കത്തിന് സമാനമായ സാഹചര്യമാണ് കോതമംഗലം പള്ളിയിലും സംജാതമായിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here