നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ തമിഴ്‌നാടും; ഉത്സവങ്ങള്‍ നിരോധിച്ചു, വിവാഹത്തിന് പരമാവധി നൂറ് പേര്‍ മാത്രം, തിയറ്ററുകളില്‍ പകുതി സീറ്റില്‍ മാത്രം പ്രവേശനം

ചെന്നൈ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഏപ്രില്‍ പത്തുമുതല്‍ ആരാധനാലയങ്ങളില്‍ ആളെക്കൂട്ടുന്ന ഉത്സവങ്ങള്‍ മറ്റു മതപരമായ ചടങ്ങുകള്‍ എന്നിവ നിരോധിച്ചു. ചെന്നൈ നഗരത്തിലെ മൊത്ത വ്യാപാര മാര്‍ക്കറ്റായ കോയമ്ബേടില്‍ കച്ചവടക്കാര്‍ക്ക് മാത്രമേ പ്രവേശിക്കാനാവൂ. ചെറുകിട വ്യാപാരത്തിന് ഇവിടെ നിയന്ത്രണമേര്‍പ്പെടുത്തി.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും തമിഴ്നാട്ടിലെത്തുന്നവര്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. വിവാഹങ്ങളില്‍ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം നൂറായും മരണാനന്തര ചടങ്ങുകളിലേത് അമ്ബതായും നിശ്ചയിച്ചു. ഇന്‍ഡോര്‍ വേദികളില്‍ നടക്കുന്ന എല്ലാ സാമൂഹ്യ, രാഷ്ട്രീയ പരിപാടികളിലും പരമാവധി ഇരുന്നൂറു പേരെ മാത്രമെ അനുവദിക്കാവൂ. സിനിമ തിയറ്ററുകളില്‍ പകുതി സീറ്റില്‍ മാത്രമെ ആളുകളെ പ്രവേശിപ്പിക്കൂ. മാളുകളിലെ തിയറ്ററുകള്‍ക്കും ഇത് ബാധകമാണ്. ക്ലബ്ബുകള്‍, പാര്‍ക്കുകള്‍, മ്യൂസിയം എന്നിവിടങ്ങളിലും അമ്ബത് ശതമാനം ആളുകള്‍ക്ക് മാത്രമെ പ്രവേശനം അനുവദിക്കൂ.

ജില്ലകള്‍ക്കുള്ളില്‍ സര്‍വ്വീസ് നടത്തുന്ന ബസുകളില്‍ സീറ്റില്‍ മാത്രമെ ആളുകളെ അനുവദിക്കൂ. ചെന്നൈ നഗരത്തിലും ഇതു ബാധകമാണ്. ടാക്സികളില്‍ ഡ്രൈവറെ കൂടാതെ മൂന്നുപേര്‍ക്കും ഓട്ടോറിക്ഷകളില്‍ ഡ്രൈവറെക്കൂടാതെ രണ്ടുപേര്‍ക്കുമാണ് അനുമതിയുള്ളത്. കായിക മത്സരങ്ങള്‍ കാണികളില്ലാതെ സംഘടിപ്പിക്കാനും നിര്‍ദേശമുണ്ട്. ഹോട്ടലുകളിലും ചായക്കടകളിലും ആകെയുള്ള സീറ്റുകളില്‍ പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളു. ഇതു കൂടാതെ രാത്രി പതിനൊന്ന് മണിക്ക് ശേഷം തുറന്ന് പ്രവര്‍ത്തിക്കുവാനും പാടില്ല.

കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ 3986 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 1459 കേസുകളും ചെന്നൈയിലാണ്. പതിനേഴ് പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച്‌ മരണപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here