കൊ​ച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നയുടെ ജീവന് ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടു തള്ളി ജയില്‍ വകുപ്പ്. സ്വപ്നയെ ജയിലില്‍ എത്തി ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് ഡിഐജിയുെട റിപ്പോര്‍ട്ട്. സ്വപ്നയുടെ പരാതിയില്‍ കഴമ്ബില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആരോപണം ഉന്നയിച്ചില്ലെന്ന് സ്വപ്ന പറഞ്ഞു. അഭിഭാഷകന്‍ നല്‍കിയ രേഖയില്‍ ഒപ്പിടുക മാത്രമാണ്‌ െചയ്തത്. സ്വപ്ന സംസാരിക്കുന്നത് പരസ്പരവിരുദ്ധമായാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ജയില്‍മേധാവി ഋഷിരാജ് സിംഗിനാണ് ദക്ഷിണ മേഖല ജയില്‍ ഡിഐജി അജയകുമാര്‍ റിപ്പോര്‍ട്ട് കൈമാറിയത്. എറണാകുളത്തു സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയിലാണ് സ്വപ്ന നേരത്തെ ഈ പരാതി ഉന്നയിച്ചത്.

ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തിയാല്‍ കൊന്നുകളയുമെന്ന് പൊലീസ്, ജയില്‍ ഉദ്യോഗസ്ഥരെന്ന് കരുതുന്ന നാലുപേര്‍ ജയിലിലെത്തി ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു എറണാകുളം അഡി.ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വപ്‌ന സുരേഷ് നേരത്തെ നല്‍കിയ പരാതി. സ്വപ്നയെ അട്ടക്കുളങ്ങര ജയിലിലെത്തിച്ച ഒക്ടോബര്‍ 14 മുതല്‍ നവംബര്‍ 25 വരെയുള്ള കാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചും ജയില്‍ ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്തുമാണ് ദക്ഷിണ മേഖലാ ജയില്‍ ഡി.ഐ.ജി അജയകുമാര്‍ സ്വപ്നയുടെ പരാതിയില്‍ കഴമ്ബില്ലെന്ന് കണ്ടെത്തിയത്. ഇക്കാര്യം കോടതിയെ അറിയിക്കാനും നീക്കമുണ്ട്.അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ എന്താണ് എഴുതിയിരുന്നതെന്ന് വായിച്ചു നോക്കാതെ ഒപ്പിട്ടു നല്‍കിയെന്നാണ് സ്വപ്ന ജയില്‍ ഡി.ഐ.ജിയോട് പറഞ്ഞത്.

അട്ടക്കുളങ്ങര ജയിലില്‍ നിന്ന് കസ്റ്റഡിയിലേക്ക് മാറിയപ്പോള്‍ അഭിഭാഷകനോട് സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ സംസാരിച്ചിരുന്നു. ജയിലില്‍ തനിക്ക് അത്തരമൊരു ഭീഷണിയില്ലെന്നാണ് സ്വപ്നയുടെ മൊഴിയെന്നാണ് സൂചന. സ്വപ്നയുടെ അമ്മയും മക്കളും ഉള്‍പ്പെടെയുള്ള അഞ്ചു ബന്ധുക്കളും കസ്റ്റംസ്, ഇ.ഡി, വിജിലന്‍സ് ഉദ്യോഗസ്ഥരും അല്ലാതെ മറ്റാരും ജയിലില്‍ അവരെ കണ്ടിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി. അമ്മ, സഹോദരന്‍, ഭര്‍ത്താവ്, രണ്ടു മക്കള്‍ എന്നിവര്‍ക്ക് കസ്റ്റംസ്, ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ മാത്രമാണ് കാണാനാവുക. കൊഫെപോസ ചുമത്തിയതിനാല്‍ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കൊച്ചിയില്‍ കോടതിയില്‍ ഹാജരാക്കിയതല്ലാതെ, പുറത്തു കൊണ്ടുപോയിട്ടില്ല.

ഇത്തരം കടുത്ത നിയന്ത്രണങ്ങളുള്ള ജയിലില്‍ നാലുപേര്‍ നിരവധി തവണയെത്തി ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ പരാതി കെട്ടിച്ചമച്ചതാണെന്നാണ് ജയില്‍വകുപ്പിന്റെ നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here