തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി ജയില്‍ വൃത്തം. ഉന്നതര്‍ക്കെതിരെ മൊഴി നല്കാതിരിക്കാന് ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷിന്റെ ആരോപണം അന്വേഷിച്ച ജയില്‍ ഡി ഐ ജി ഇന്ന് റിപ്പോര്‍ട്ട് കൈമാറും. ജയില്‍ മേധാവി ഋഷിരാജ് സിംഗിനാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. സ്വപ്നയുടെ ആരോപണങ്ങള്‍ തളളുന്നതാണ് റിപ്പോര്‍ട്ടെന്നാണ് സൂചന. സ്വര്‍ണക്കടത്ത് കേസില്‍ ഉന്നതര്‍ക്കെതിരെ രഹസ്യമൊഴി നല്കിയതിനാല് തന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് സ്വപ്ന സുരേഷ് കോടതിയെ അറിയിച്ചത്.
എന്നാല്‍ സ്വപ്നയുടെ ആരോപണങ്ങള്‍ തെളിയിക്കുന്ന തെളിവുകളൊന്നും ഇതുവരെ ജയില്‍ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ലെന്നാണ് ജയില്‍ വൃത്തങ്ങളില്‍ നിന്നും അറിയുന്നത്. ഒക്ടോബര്‍ 14ന് സ്വപ്നയെ ജയിലില്‍ എത്തിച്ചത് മുതലുളള സി സി ടി വി ദൃശ്യങ്ങള്‍ ജയില്‍ ഡി ഐ ജി അജയ് കുമാര്‍ പരിശോധിച്ചു. സന്ദര്‍ശക രജിസ്റ്ററും അദ്ദേഹം പരിശോധിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥരും വിജിലന്‍സ് ഉദ്യോഗസ്ഥരും അഞ്ച് ബന്ധുക്കളുമാണ് സ്വപ്നയെ ജയിലില്‍ കണ്ടിരിക്കുന്നതെന്നാണ് ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.
ചോദ്യം ചെയ്യലും കൂടിക്കാഴ്ചയുമെല്ലാം ജയില്‍ ഉദ്യോഗസ്ഥരുടെ സാനിദ്ധ്യത്തിലായിരുന്നുവെന്നാണ് സൂപ്രണ്ടിന്റെ മൊഴി. അഭിഭാഷകന് എഴുതി തയ്യാറാക്കിയ അപേക്ഷയില്‍ ഒപ്പിടുക മാത്രമേ ചെയ്തുളളൂ എന്നും ജയിലില്‍ ഭീഷണിയില്ലന്നും സ്വപ്ന ഡി ഐ ജിക്ക് മൊഴി നല്‍കിയെന്നാണ് സൂചന. ഈ മൊഴി ഡി ഐ ജി ജയില്‍ മേധാവിക്ക് നല്കുന്ന റിപ്പോര്‍ട്ടില്‍ ഉണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്. ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തിയാല്‍ തന്നെയും കുടുംബാംഗങ്ങളേയും വകവരുത്തുമെന്ന് ചിലര്‍ ജയിലിലെത്തി ഭീഷണിപ്പെടുത്തിയതായി സ്വപ്ന കഴിഞ്ഞ ദിവസമാണ് കോടതിയെ അറിയിച്ചത്. ഇതേത്തുടര്‍ന്നാണ് ഇവരുടെ സുരക്ഷ കൂട്ടാന്‍ കോടതി ആവശ്യപ്പെട്ടത്.
കേന്ദ്ര ഏജന്‍സികളെ കൂടാതെ വ്യാജ രേഖ കേസില്‍ അറസ്റ്റ് ചെയ്യാന്‍ പോലീസും ലൈഫ് കേസില്‍ മൊഴിയെടുക്കാനായി വിജിലന്‍സ് ഉദ്യോഗസ്ഥറും ജയിലെത്തിയിരുന്നു. ജയില്‍ ഉദ്യോഗസ്ഥരും സ്വപനയെ കാണുന്നുണ്ട്. അതിനാല്‍ കോടതിയില്‍ രേഖാമൂലം നല്കിയ അപേക്ഷയില്‍ പറയും പോലെ ഏത് ഉദ്യോഗസ്ഥനാണ് ഭീഷണിപ്പെടുത്തിയതെന്ന് ജയില്‍ വകുപ്പിന്റെ അന്വേഷണത്തില്‍ അറിയാനാകുമോ എന്നാണ് അന്വേഷണ ഏജന്‍സികളുടെ സംശയം.