എസ്.വി.പ്രദീപിന്‍റെ മരണം: അപകട മരണത്തില്‍ ദുരൂഹത , സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് അമ്മയുടെ ഹര്‍ജി

തിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി.പ്രദീപ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ സന്തകുമാരി ഹൈക്കോടതിയെ സമീപിച്ചു.അപകട മരണത്തില്‍ ദുരൂഹത ഉണ്ടെന്നും മകന് ഭീഷണി ഉണ്ടായിരുന്നെന്നും ഹര്‍ജിയില്‍ പറയുന്നു. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

പ്രദീപിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ കുടുബം ഏകദിന ഉപവാസം നടത്തിയിരുന്നു. കൊലപാതികളെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്നാണ് അവരുടെ ആരോപണം. നിരവധി ഭീഷണികള്‍ നേരിട്ടിരുന്ന പ്രദീപിനെ കൊലപ്പെടുത്തിയതാണെന്നാണ് വീട്ടുകാരും ആക്ഷന്‍ കൗണ്‍സിലും ആരോപിക്കുന്നു.

മരണം നടന്നിട്ട് ഒരു മാസം കഴിഞ്ഞിട്ടും അപകടം എങ്ങനെ നടന്നു എന്നതിനെ പറ്റി വ്യക്തത ലഭിച്ചിട്ടില്ല. ജോലിസ്ഥലത്ത് നിന്ന് വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെയാണ് ടിപ്പര്‍ ലോറിയിടിച്ച്‌ പ്രദീപ് മരിക്കുന്നത്. ഡിസംബര്‍ 14ന് വൈകുന്നേരം കാരയ്ക്കാപമണ്ഡപത്താണ് അപകടം നടന്നത്. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

കേസില്‍ ടിപ്പര്‍ ലോറി ഡ്രൈവറര്‍ ജോയിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വട്ടിയൂര്‍ക്കാവ് മൈലമൂടില്‍ ക്രഷറില്‍ നിന്നും ലോറി വെള്ളായണി വരെ എത്തുന്ന ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ഈ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഡ്രൈവര്‍ക്കോ ലോറി ഉടമയ്‌ക്കോ ഗൂഢാലോചനയൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here