കൊവിഡ് രണ്ടാം തരംഗം അതീവ ഗുരുതരമാം വിധം രാജ്യത്ത് വ്യാപച്ചിരിക്കുകയാണ്. അനുദിനം നിരവധി കൊവിഡ് കേസുകളാണ് ഇന്ത്യയിൽ ഓരോ സംസ്ഥാനത്തും റിപ്പോര്‍ട്ട് ചെയ്യുന്നത്. അത്യാസന്നരായ രോഗികള്‍ക്ക് ഓക്സിജൻ നൽകാനാവാത്ത രീതിയിൽ ഓക്സിജൻ ക്ഷാമവും നേരിടുകയാണ്. ഇതിനിടയിൽ സാന്ത്വന സ്പര്‍ശവുമായി എത്തിയിരിക്കുകയാണ് നടനും എംപിയുമായ സുരേഷ് ഗോപി.

കൊറോണ രോഗികള്‍ക്ക് കിടക്കയുടെ അരികിലേക്ക് പൈപ്പ് ലൈൻ വഴി പ്രാണവായു നല്‍കുന്ന ‘പ്രാണ പദ്ധതി’ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടപ്പിലാക്കിയിരിക്കുകയാണ് അദ്ദേഹം. വര്‍ഷങ്ങള്‍ക്ക് മുമ്പ് അപകടത്തിൽ മരിച്ച തന്‍റെ മകള്‍ ലക്ഷ്മയുടെ പേരിലാണ് ആശുപത്രിയിലെ ഒരു വാര്‍ഡിലേക്ക് ആവശ്യമായ ഓക്സിജന്‍ സംവിധാനം അദ്ദേഹം ഒരുക്കിയിരിക്കുന്നത്.

സംസ്ഥാനത്താദ്യമായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കിയ ഈ പദ്ധതിയിൽ ആറ് വാര്‍ഡുകളിലായി 500 കട്ടിലുകള്‍ക്കരികിലേക്ക് ഓക്സിജൻ എത്തിക്കാനാകും. പന്ത്രണ്ടായിരം രൂപയാണ് ഒരു കട്ടിലിനരികിലേക്ക് ഓക്സിജൻ എത്തിക്കുന്നതിനായുള്ള ചിലവ്. ഇതിൽ ഒരു വാര്‍ഡ് മുഴുവനായാണ് സുരേഷ് ഗോപി സജ്ജീകരണം ഒരുക്കിയിരിക്കുന്നത്. മകളുടെ പേരില്‍ അദ്ദേഹം വര്‍ഷങ്ങളായി നടത്തി വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നൽകിയിരിക്കുന്ന ഈ സഹായം മൂലം 64 കിടക്കകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്താനായിരിക്കുകയാണ്. 7.6 ലക്ഷം രൂപയാണ് ഇതിനായുള്ള ചിലവ്

നിരവധി ഡോക്ടര്‍മാര്‍, ജീവനക്കാര്‍, വ്യാപാരികള്‍, ജനപ്രതിനിധികള്‍, കൊവിഡ് മുക്തരായവര്‍ അടക്കം പലരും ഈ പദ്ധതിക്കായി പണം നൽകിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം ഇവിടെ ഓക്സിജൻ പ്ലാന്‍റ് നിര്‍മ്മാണം പൂര്‍ത്തിയാവും. നിലവിൽ സിലിണ്ടര്‍ വഴി ഓക്സിജൻ എത്തിക്കേണ്ട സാഹചര്യമാണ്. പ്ലാന്‍റ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പൈപ്പ് ലൈൻ വഴി ഓക്സിജൻ എത്തിക്കാനാകുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക ചിലവഴിച്ചാണ് പ്ലാന്‍റ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്..

LEAVE A REPLY

Please enter your comment!
Please enter your name here