ഡൽഹി: കാർഷക സമരത്തിൽ സ്വരം കടുപ്പിച്ച് സുപ്രീം കോടതി. കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതു മാറ്റിവച്ചില്ലെങ്കിൽ കോടതി അത് ചെയ്യുമെന്ന് വാക്കാൻ മുന്നറിയിപ്പു നൽകിയ കോടതി സമരം കൈകാര്യം ചെയ്യുന്ന രീതിയിൽ അതൃപ്തിയും രേഖപ്പെടുത്തി.
കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ കേൾക്കവേ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയാണ് ഇത്തരത്തിൽ നിലപാട് സ്വീകരിച്ചത്. കാർഷിക നിയമം ഈ രീതിയിൽ നടപ്പാക്കണമോയെന്നു ചോദിച്ച കോടതി നിരവധി സംസ്ഥാനങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചതായും ചൂണ്ടിക്കാട്ടി. ചർച്ചകൾ നടക്കുന്നതായി സർക്കാർ ആവർത്തിക്കുന്പോഴും എന്തു ചർച്ചയാണ് നടക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. കർഷകരുടെ ആശങ്കകൾ പരിഹരിക്കാൻ കമ്മിറ്റിയെ നിയമിക്കണമെന്നും അവരുടെ റിപ്പോർട്ട് വരുന്നതുവരെ നിയമങ്ങൾ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നും ഇല്ലെങ്കിൽ കോടതിക്കത് ചെയ്യേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി.