സണ്ണി ലിയോണിന് പണം നല്‍കിയത് പരാതിക്കാരനല്ല, ഇരുവരും തമ്മില്‍ കരാറില്ല; കൂടുതല്‍ അന്വേഷണത്തിന് ക്രൈംബ്രാഞ്ച്

കൊച്ചി: നടി സണ്ണി ലിയോണിനെതിരായ വഞ്ചനാ കേസില്‍ വഴിത്തിരിവ്. 39 ലക്ഷം രൂപ വാങ്ങി പരിപാടിയില്‍ പങ്കെടുക്കാതെ സണ്ണി ലിയോണ്‍ വഞ്ചിച്ചെന്നായിരുന്നു പെരുമ്ബാവൂര്‍ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദിന്റെ പരാതി. എന്നാല്‍ പരാതിക്കാരനുമായി സണ്ണി ലിയോണ്‍ കരാറുകളിലൊന്നും ഏര്‍പ്പെട്ടിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.

കേസിലെ പരാതിക്കാരനായ പെരുമ്ബാവൂര്‍ സ്വദേശിയും നടിയും തമ്മില്‍ കരാറുകളൊന്നും തയ്യാറാക്കിയിട്ടില്ലെന്നും നടിയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചത് മറ്റുചിലരാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും എല്ലാകാര്യങ്ങളും വിശദമായി പരിശോധിച്ചുവരികയാണെന്നും ക്രൈംബ്രാഞ്ച് എസ് പി ടോമി സെബാസ്‌റ്റ്യന്‍ പറഞ്ഞു.

സണ്ണി ലിയോണ്‍ പരിപാടിയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞത് വാക്കാല്‍ മാത്രമാണ്. പരാതിക്കാരന്‍ നടിക്ക് നേരിട്ട് പണം കൈമാറിയിട്ടില്ല. മറ്റുചിലരാണ് സണ്ണി ലിയോണിന്റെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചത്. ഇവരാരും പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി നല്‍കിയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് എസ് പി പറഞ്ഞു. എന്തുകൊണ്ടാണ് നേരത്തെ നിശ്ചയിച്ച സ്റ്റേജ് ഷോ നടക്കാതിരുന്നതെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കേസില്‍ സണ്ണി ലിയോണിനെതിരായ വഞ്ചനാക്കുറ്റം നിലനില്‍ക്കുമോ എന്നതും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ഇരുവിഭാഗത്തിന്റെയും മൊഴികള്‍ അന്വേഷണസംഘം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. വഞ്ചനാ കേസില്‍ സണ്ണി ലിയോണിനെയും ഭര്‍ത്താവിനെയും ഇവരുടെ ജീവനക്കാരനെയും അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി കഴിഞ്ഞദിവസം തടഞ്ഞിരുന്നു. സണ്ണി ലിയോണ്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതി അറസ്റ്റ് തടഞ്ഞ് ഉത്തരവിട്ടത്. വേണമെങ്കില്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കി ഇവരെ ചോദ്യംചെയ്യാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here