തിരുവനന്തപുരം : മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി സുഗത കുമാരി ടീച്ചർ അന്തരിച്ചു. 86 വയസായിരുന്നു. 10.52 ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് അന്ത്യം. ഹൃദയത്തിൻ്റെയും വൃക്കകളുടെയും പ്രവർത്തനശേഷി ഏറെക്കുറെ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. ശ്വാസകോശം ആകമാനം ന്യുമോണിയ ബാധിച്ചു കഴിഞ്ഞതിനാൽ യന്ത്രസഹായത്തോടെ നൽകുന്ന ഓക്സിജൻ പോലും സ്വീകരിക്കാൻ ശ്വാസകോശത്തിനുള്ള ശേഷി നഷ്ടപ്പെട്ടിരുന്നു.

ഇന്ന് രാവിലെ ആരോഗ്യനില കൂടുതല്‍ വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ആറന്‍മുളയിലെ വഴുവേലി തറവാട്ടില്‍ ഗാന്ധിയനും കവിയും കേരള നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ അമരക്കാരനുമായിരുന്ന ബോധേശ്വരന്റെ (കേശവ പിള്ള) മകളായി 1934 ജനുവരി ഇരുപത്തി രണ്ടിനാണ് സുഗതകുമാരി ജനിച്ചത്. അക്കാലത്തെ പ്രശസ്ത സംസ്‌കൃതം പണ്ഡിതയായ വി കെ കാര്‍ത്യായനി ടീച്ചറായിരുന്നു അമ്മ. 1960ല്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച ‘മുത്തുച്ചിപ്പി’ എന്ന കവിതാസമാഹാരമാണ് സുഗതകുമാരിയുടെ ആദ്യകവിതാസമാഹാരം. തുടര്‍ന്ന് പാതിരാപ്പൂക്കള്‍, പാവം പാവം മാനവഹൃദയം, പ്രണാമം, ഇരുള്‍ചിറകുകള്‍, രാത്രിമഴ, അമ്ബലമണി, കുറിഞ്ഞിപ്പൂക്കള്‍, തുലാവര്‍ഷപ്പച്ച, രാധയെവിടെ, ദേവദാസി, മണലെഴുത്ത്, അഭിസാരിക, സുഗതകുമാരിയുടെ കവിതകള്‍, മേഘം വന്നുതോറ്റപ്പോള്‍, പൂവഴി മറുവഴി, കാടിന്കാവല്‍ തുടങ്ങി ധാരാളം കൃതികള്‍ മലയാള സാഹിത്യത്തിന് ആ തൂലികയില്‍നിന്നും ലഭിച്ചു.

കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, പദ്മശ്രീ, എഴുത്തച്ഛന്‍ പുരസ്‌കാരം, സരസ്വതി സമ്മാന്‍, മാതൃഭൂമി സാഹിത്യപുരസ്‌കാരം, ബാലസാഹിത്യത്തിനു നല്കിയ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം തുടങ്ങി അനേകം പുരസ്‌കാരങ്ങള്‍ നല്കി സാഹിത്യസാംസ്‌കാരികലോകം ആദരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here