തിരുവനന്തപുരം: സംസ്ഥാന ലൈബ്രറി കൗണ്‍സിലില്‍ പിന്‍വാതിലിലൂടെ നിയമനം നല്‍കിയ 46 പേരെ മുന്‍കാലപ്രാബല്യത്തോടെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. യു.ഡി.എഫ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്ന ഈ പിന്‍വാതില്‍ നിയമങ്ങള്‍ക്കെതിരെ അന്ന് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ ഫയല്‍ ചെയ്തിരുന്ന റിട്ട് അപ്പീല്‍ പിന്‍വലിച്ചിട്ടാണ് ഇവരെ സ്ഥിരപ്പെടുത്തിയത്. ഇതു സംബന്ധിച്ച ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ജൂലൈ 20 ന് പുറപ്പെടുവിച്ചു.

ലൈബ്രറി കൗണ്‍സിലിലെ നിയമനങ്ങള്‍ പി.എസ്.സിക്കു വിട്ടതുകൊണ്ട് സ്ഥിര നിയമനങ്ങള്‍ നടത്താനുള്ള അധികാരം പി.എസ്.സിക്കാണെന്നിരിക്കെ, നിയമനങ്ങള്‍ പി.എസ്.സിക്കു വിടുന്നതിനു മുമ്പ് കൗണ്‍സിലില്‍ തുടരുന്ന ദിവസവേതന ജീവനക്കാര്‍ എന്ന നിലയിലാണ് ഇവരെ സ്ഥിരപ്പെടുത്തിയതെന്നാണ് ഉത്തരവില്‍ പറയുന്നത്.

സര്‍ക്കാര്‍ ഗ്രാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറി കൗണ്‍ സിലിലെ നിയമങ്ങള്‍ സര്‍ക്കാരിന്റെ അനുമതിയോടുകൂടി മാത്രമേ പാടുള്ളൂവെന്ന തീരുമാനത്തെ ലൈബ്രറി കൗണ്‍സില്‍ ചോദ്യം ചെയ്തിരുന്നുവെങ്കിലും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയെ തുടര്‍ന്ന് നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്നത് തടഞ്ഞുവെച്ചിരിക്കുകയായിരുന്നു.

41 എല്‍.ഡി ക്ലര്‍ക്ക് മാരെയും 6 അറ്റന്‍ഡര്‍മാരെയും ആണ് സ്ഥിരപ്പെടുത്തുന്നത്. ഇതില്‍ 26 പേരുടെ നിയമനം 2011 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയും 21 പേരെ ഈ മാസം മുതലും സ്ഥിരം തസ്തികകളില്‍ നിയമിക്കാനാണ് ഉത്തരവ്. 13 പേരെ കഴിഞ്ഞ വര്ഷം തന്നെ പ്രത്യേക ഉത്തരവിലൂടെ മുന്‍കാല പ്രാബല്യത്തില്‍ സ്ഥിരപ്പെടുത്തിയിരുന്നു.

കുടിശിക ഇനത്തില്‍ തന്നെ ഇവര്‍ക്ക് എട്ടു കോടി രൂപയോളം നല്‍കേണ്ടതായി വരും. ഈ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതോടെ കൗണ്‍സിലിന് പ്രതിവര്‍ഷം രണ്ടുകോടിയോളം രൂപ അധിക ചെലവ് വരും. സ്‌കോള്‍ കേരള (ഓപ്പണ്‍ സ്‌കൂള്‍ )യില്‍ സമാനരീതിയില്‍ 80 പേരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നതിനു മുന്നോടിയായാണ് ഇവിടെ ദിവസശമ്പളക്കാരെ സ്ഥിരപ്പെടുത്തിയത്.

ഗ്രാമീണ ഗ്രന്ഥശാലകള്‍ക്ക് ലഭിച്ചുവന്ന വാര്‍ഷിക ഗ്രാന്റ് വെട്ടികുറക്കുകയും, ലൈബ്രേറിയന്‍മാര്‍ക്ക് നല്‍കിവരുന്ന തുശ്ചമായ അലവന്‍സില്‍ വര്‍ദ്ധനവ് നല്‍കാതിരിക്കുകയും ചെയ്ത സര്‍ക്കാര്‍ കോടികള്‍ ചെലവിട്ട് ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിന് പിന്നില്‍ വ്യക്തമായ അഴിമതിയുണ്ടെന്ന് ഗ്രന്ഥശാല സംരക്ഷണസമിതി ചെയര്‍മാന്‍. ആര്‍.എസ്. ശശികുമാര്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here