തിരുവനന്തപുരം: മദ്യലഹരിയില്‍ മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ യുവ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ സ്വകാര്യ ആശുപത്രിവാസം അവസാനിച്ചു. ശ്രീറാമിനെ മജിസ്‌ട്രേറ്റ് പൂജപ്പുര ജില്ലാ ജയിലിലേക്ക് അയച്ചു. ചികിത്സ ആവശ്യമെങ്കില്‍ തീരുമാനമെടുക്കാന്‍ ജയില്‍ സൂപ്രണ്ടിന് മജിസ്‌ട്രേറ്റ് നിര്‍ദേശം നല്‍കി.

തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ ആഡംബര മുറിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ശ്രീറാമിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്‌ക്കെന്നറിയിച്ചാണ് പോലീസ് ഡിസ്ചാര്‍ജ് ചെയ്തു വാങ്ങിയത്. തുടര്‍ന്ന് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. മജിസ്ട്രറ്റിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ശ്രീറാമിനെ തിരുവനന്തപുരം പൂജപ്പുരയിലെ സബ് ജയിലിലേയ്ക്ക് മാറ്റി. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയവേളയില്‍ ശ്രീറാമിനായി ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.

കിംസ് ആശുപത്രിയില്‍ നിന്നും സ്ട്രച്ചറില്‍ കിടത്തി മുഖം മറച്ചാണ് ശ്രീറാമിനെ പുറത്തിറക്കിയത്. കറുത്ത ഗ്ലാസുകളുള്ള ആംബുലന്‍സിലായിരുന്നു യാത്ര. കിംസ് ആശുപത്രിയുടെ ആംബുലന്‍സ് മജിസ്‌ട്രേറ്റിന്റെ വീടിനു മുന്നില്‍ എത്തിക്കുകയും, ആംബുലന്‍സില്‍ എത്തി മജിസ്‌ട്രേറ്റ് തന്നെ ജയിലിലേക്ക് അയക്കുകയായിരുന്നു.

ശ്രീറാമിന് കാര്യമായ പരിക്കുകളോ, ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ലെന്ന് കിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റാതെ തിരുവനന്തപുരം പൂജപ്പുര സബ് ജയിലിലേയ്ക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here