രാജ്യത്ത് പൊതുസ്ഥലങ്ങളിൽ ബുർഖ നിരോധിക്കുന്നതിന് ശ്രീലങ്കൻ മന്ത്രിസഭ അംഗീകാരം നൽകി. അന്താരാഷ്ട്ര നിയമലംഘനമെന്ന ഐക്യരാഷ്ട്രസഭയുടെ വിദഗ്ദ്ധന്റെ അഭിപ്രായം വകവയ്ക്കാതെയാണ് മന്ത്രിസഭയുടെ അംഗീകാരം. ദേശീയ സുരക്ഷാ കാരണങ്ങൾ വ്യക്തമാക്കിയാണ് മുസ്ലീങ്ങളുടെ ബുർഖകൾ ഉൾപ്പെടെയുള്ള മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് പൊതുയിടങ്ങളിൽ നിരോധനം ഏർപ്പെടുത്തുന്നതിനുള്ള നിർദേശം മന്ത്രിസഭ അംഗീകരിച്ചത്.

ചൊവ്വാഴ്ച നടന്ന പ്രതിവാര യോഗത്തിൽ പൊതു സുരക്ഷാ മന്ത്രി ശരത് വീരശേഖരയുടെ നിർദ്ദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതായി വീരശേഖര തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ഈ നിർ‌ദ്ദേശം അറ്റോർണി ജനറൽ‌ വകുപ്പിലേക്ക് അയയ്‌ക്കുകയും നിയമമാകുന്നതിന്‌ പാർ‌ലമെൻറ് അംഗീകരിക്കുകയും വേണം. പാർലമെന്റിൽ സർക്കാരിന് ഭൂരിപക്ഷം ഉള്ളതിനാൽ ഈ നിർദ്ദേശം എളുപ്പത്തിൽ പാസാക്കാനാകും.

ചില മുസ്‌ലിം സ്ത്രീകൾ ധരിക്കുന്ന ശരീരവും മുഖവും മൂടുന്ന വസ്ത്രമായ ബുർഖ “മതതീവ്രവാദത്തിന്റെ അടയാളമാണെന്നും” നിരോധനം ദേശീയ സുരക്ഷ മെച്ചപ്പെടുത്തുമെന്നും വീരശേഖര പറഞ്ഞു. 2019ലെ ഈസ്റ്റർ ദിനത്തിൽ ചാവേർ ബോംബ് ആക്രമണത്തിൽ 260 ൽ അധികം ആളുകൾ കൊല്ലപ്പെട്ടതിനെ തുടർന്ന് ശ്രീലങ്കയിൽ ബുർഖ ധരിക്കുന്നത് താൽക്കാലികമായി നിരോധിച്ചിരുന്നു.

ഐ‌സി‌എൽ (ഐസിസ്) ഗ്രൂപ്പിനോട് കൂറ് പുലർത്തുന്ന രണ്ട് പ്രാദേശിക മുസ്ലീം ഗ്രൂപ്പുകൾ അന്ന് ശ്രീലങ്കയിൽ ആറ് ഇടങ്ങൾ ആക്രമിച്ചു. രണ്ട് റോമൻ കത്തോലിക്കാ പള്ളികൾ, ഒരു പ്രൊട്ടസ്റ്റന്റ് പള്ളി, മൂന്ന് ഹോട്ടലുകൾ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്.
നിരോധനം മുസ്‌ലിങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്ന് കഴിഞ്ഞ മാസം പാകിസ്ഥാൻ അംബാസഡർ സാദ് ഖട്ടക് ട്വീറ്റ് ചെയ്തിരുന്നു. നിരോധനം അന്താരാഷ്ട്ര നിയമവുമായി പൊരുത്തപ്പെടുന്നില്ലെന്നും മതപരമായ അഭിപ്രായ പ്രകടനത്തിനുള്ള അവകാശമാണിതെന്നും യുഎൻ സ്പെഷ്യൽ വിദഗ്ധൻ അഹമ്മദ് ഷഹീദ് ട്വീറ്റ് ചെയ്തിരുന്നു.
ശ്രീലങ്കയിലെ 22 ദശലക്ഷം ജനങ്ങളിൽ 9 ശതമാനവും മുസ്‌ലീങ്ങളാണ്, ബുദ്ധമതക്കാർ 70 ശതമാനത്തിലധികമാണ്. ഹിന്ദുക്കളായ വംശീയ-ന്യൂനപക്ഷത്തിൽപെടുന്ന തമിഴർ 15 ശതമാനം വരും.

കഴിഞ്ഞ മാസം സ്വിറ്റ്സർലൻഡിൽ ‘ബുർഖ’ നിരോധിച്ചിരുന്നു. 2009ൽ ഇവിടെ പുതിയ മിനാരങ്ങൾ നിരോധിച്ച അതേ സംഘമാണ് പുതിയ നിർദ്ദേശം മുന്നോട്ട് വച്ചത്. ഇസ്ലാം മതവിഭാഗക്കാർ ധരിക്കുന്ന ശിരോവസ്ത്രം, ബുർഖ എന്നിവയാണ് സ്വിറ്റ്സർലൻഡിലും നിരോധിച്ചത്. മുഖം പുറത്ത് കാണിക്കുക എന്നതാണ് സ്വിറ്റ്സർലൻഡിന്റെ പാരമ്പര്യമെന്നും അത് തങ്ങളുടെ അടിസ്ഥാന സ്വാതന്ത്ര്യത്തിന്റെ അടയാളമാണെന്നും റഫറണ്ടം കമ്മിറ്റി ചെയർമാനും സ്വിസ് പീപ്പിൾസ് പാർട്ടിയുടെ പാർലമെന്റ് അംഗവുമായ വാൾട്ടർ വോബ്മാൻ വോട്ടെടുപ്പിന് മുമ്പ് വ്യക്തമാക്കിയിരുന്നു.

എന്നാൽ, സ്വിറ്റ്സർലൻഡിൽ പൊതുവേ ബുർഖ ധരിക്കുന്നവർ കുറവാണ്. 8.6 മില്യൺ ജനസംഖ്യയുള്ള സ്വിറ്റ്സർലൻഡിൽ ജനസംഖ്യയുടെ 5% മുസ്‌ലീം വിഭാഗക്കാരാണ്. ഇവരിൽ ഭൂരിഭാഗം പേരും തുർക്കി, ബോസ്നിയ, കൊസോവോ എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയവരാണ്. 2011ൽ ഫ്രാൻസിലും പൊതു സ്ഥലത്ത് മുഖം മറയ്ക്കുന്നത് നിരോധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here