കൊളംബോ | മുന്‍മന്ത്രി റോഷന് രണസിംഗെയുടെ വീടു അടിച്ചു തകര്‍ത്തു. മറ്റൊരു മന്ത്രി ഗമിനി ലകുങേയുടെ വീട്ടുവളപ്പില്‍ തീയിട്ടു. അര്‍ദ്ധരാത്രിയിലും പതിനായിരങ്ങള്‍ ശ്രീലങ്കയില്‍ തെരുവിലാണ്.
പലയിടങ്ങളിലും പോലീസും സര്‍ക്കാരും ഏറ്റുമുട്ടുന്നുണ്ട്. പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ ഓഫീസിനു മുന്നില്‍ രാത്രി ഒരു മണിക്കൂര്‍ സമരം നടന്നു. പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ ദക്ഷിണ ശ്രീലങ്കയിലെ തങ്കലയിലുള്ള സ്വകാര്യ വസതി ജനം വളഞ്ഞതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സിനിമാ കായിക താരങ്ങള്‍ സമരത്തിനിറങ്ങിയതോടെ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയെയാണ് നേരിടുന്നത്.
ശ്രീലങ്കയില്‍ എല്ലാ രാഷ്ട്രീയ കക്ഷികളെയും ഉള്‍പ്പെടുത്തി ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പ്രസിഡന്റ് ഗോട്ടബയ രജപക്സെയുടെ നീക്കം പാളിയ നിലയിലാണ്. സര്‍ക്കാരില്‍ ചേരാനുള്ള ക്ഷണം മുഖ്യപ്രതിപക്ഷ പാര്‍ട്ടികള്‍ തള്ളി. പിന്നാലെ പ്രിഡന്റിന്റെ രാജിക്കായി അവര്‍ സമ്മര്‍ദ്ദം ശക്തമാക്കുകയും ചെയ്തു. അതിനിടെ, മുന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നേതൃത്വത്തിലുള്ള ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി ഭരണ മുന്നണി വിടുകയും ചെയ്തിട്ടുണ്ട്.