ഒരു സഞ്ചാരപ്രിയനാണെന്ന് പണ്ടേ പേരുകേട്ടയാളാണ് യുവ ഐ.എ.എസുകാരനായ ശ്രീറാം വെങ്കിട്ടരാമന്‍. ബുള്ളറ്റില്‍ മലകയറിയിറങ്ങുന്ന കോട്ടിട്ട കര്‍ക്കശക്കാരനായ ആ യുവാവ് നിയമത്തില്‍ വെള്ളം ചേര്‍ക്കില്ലെന്ന ഇമേജോടെ കൈയടി നേടുകയും ചെയ്തു.

രാഷ്ട്രീയക്കാര്‍ക്ക് ഓശാന പാടാതെ നിന്നതോടെ വെള്ളിത്തിരയിലെ ഒരു നായകനെപോലെ നവമാധ്യമങ്ങളില്‍ ഫാന്‍സ് അസോസിയേഷന്‍ വരെ പിറന്നു. ആയിരങ്ങള്‍ ആരാധകരായി.

നിയമം, ചട്ടം എന്നിവയെക്കുറിച്ച് പല സദസുകളിലും വാചാലനായി, ബോധവത്ക്കരണ ക്ലാസുകള്‍ എടുത്തു. അതും ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതിനെക്കുറിച്ചു തന്നെ. മദ്യപിച്ചു വാഹനമോടിക്കുക, ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നതിന്റെ ദൂഷ്യഫലങ്ങള്‍ ബോധ്യപ്പെടുത്തുക തുടങ്ങി ദേവികുളം സബ്കളക്ടറായിരിക്കെ മാതൃകാപരമായ നടപടികള്‍ നിരവധിയുണ്ടായിരുന്നു.

പക്ഷേ സ്വന്തം ‘സഞ്ചാര’ത്തിനിടെ ഈ ‘ബോധം’ പാലിച്ചില്ലെന്നു മാത്രമല്ല, കാറിടിച്ചു ഒരാളെ കൊലപ്പെടുത്തിയശേഷം അതില്‍നിന്നും രക്ഷപ്പെടാനുള്ള സകല തരികിട പരിപാടികളും പോലീസിനെക്കൊണ്ട് ചെയ്യിപ്പിച്ചൂവെന്നതാണ് ശ്രീറാം വെങ്കിട്ടരാമന്റെ ഇമേജ് പൊളിച്ചടുക്കിയത്.

‘കാല്‍നട യാത്രക്കാരെക്കാള്‍ അച്ചടക്കംവേണ്ടത് റോഡിലൂടെ പോകുന്ന വാഹനങ്ങളോടിക്കുന്നവര്‍ക്കാണ്’ എന്ന് പലവട്ടം ഓര്‍മ്മപ്പെടുത്തിയ ശ്രീറാമാണ് ലഹരിയുപയോഗിച്ച് കാര്‍റേസിങ്ങ് നടത്തിയത്.

പഠിക്കുന്ന കാലത്ത് ഹെല്‍മറ്റ് ധരിക്കാതെ ബൈക്കോടിച്ചതിന് പലവട്ടം പെറ്റികിട്ടിയിട്ടുണ്ടെന്നും ഒരു അഭിമുഖത്തില്‍ ചിരിയോടെ പറഞ്ഞ ശ്രീറാമിന് ഹൈറേഞ്ച് യാത്രകളും കാര്‍ റേസിങ്ങും ലഹരിയായിരുന്നു. കവടിയാര്‍ രാജപാത പാതിരായ്ക്ക് ഒഴിഞ്ഞ് കിട്ടിയപ്പോള്‍ ലഹരിമൂത്ത അവസ്ഥയില്‍ ഉള്ളിലെ കാറോട്ടക്കാരന്‍ ഉണര്‍ന്നതാണ് ഒരു ജീവനെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here