‘സ്വയം കുഴിച്ച കുഴി’: യുവതികള്‍ പ്രവേശിച്ചാല്‍ നട അടച്ചിടുമെന്ന തന്ത്രിയുടെ പ്രഖ്യാപനം തന്നോട് ആലോചില്ലെന്ന് പിള്ള

0

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുനടന്ന സമരം ആസൂത്രിതമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ നട അടച്ചിടുമെന്ന തന്ത്രിയുടെ പ്രസ്താവന താനുമായി ആലോചിച്ചാണ്. അതിന്റെ പേരില്‍ കോടതിയലക്ഷ്യം ഉണ്ടാവില്ലെന്ന് താന്‍ തന്ത്രിക്ക് ഉപദേശം നല്‍കിയിരുന്നു. എന്തു നടപടിവന്നാലും ആദ്യം പ്രതിയാകുക താനായിരിക്കും. അതിനുശേഷമേ തന്ത്രിയും മറ്റും കേസില്‍പെടുവെന്നും ഉറപ്പുനല്‍കിയെന്നും ശ്രീധരന്‍പിള്ള പറയുന്നു. കോഴിക്കോട് നടന്ന യുവമോര്‍ച്ച യോഗത്തിലായിരുന്നു പ്രവര്‍ത്തകരെ ആവേശംകൊള്ളിക്കാന്‍ ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍.

ഇത് നമുക്ക് വീണുകിട്ടിയ സുവര്‍ണാവസരമാണ്. അത് പരമാവധി പ്രയോജനപ്പെടുത്തണം. നമ്മുടെ അജണ്ടയില്‍ മറ്റുള്ളവര്‍ വീണു. ശബരിമല വിഷയം ഒരു സമസ്യപോലെ നീണ്ടുപോകുമെന്നും ശ്രീധരന്‍പിള്ള പറയുന്നുണ്ട്. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ള റിവ്യൂ, റിട്ട് ഹര്‍ജികള്‍ തള്ളിപ്പോയാലും സമരവുമായി മുന്നോട്ടുപോകുമെന്ന സൂചനയാണ് ശ്രീധരന്‍പിള്ള നല്‍കുന്നത്. യുവമോര്‍ച്ച യോഗത്തില്‍ നടത്തിയ പ്രസംഗത്തിന്റെ ശബ്ദരേഖ വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ടു.

യുവതികള്‍ സന്നിധാനത്തിന് അടുത്തെത്തിയപ്പോഴാണ് തന്ത്രി കണ്ഠരര് രാജീവര് തന്നെ വിളിച്ചത്. പതിനെട്ടാംപടി കടന്ന് യുവതികള്‍ എത്തിയാലും ദര്‍ശനം തടയാന്‍ നടപടിയെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. നട അടച്ചാല്‍ അത് കോടതിയലക്ഷ്യമാകുമോയെന്ന് ചോദിച്ചു. അങ്ങനെ ഉണ്ടാവില്ലെന്ന് താന്‍ ഉറപ്പുകൊടുത്തു. കേസുവന്നാല്‍ ആദ്യം പ്രതിയാകുന്നത് താനായിരിക്കുമെന്നും അതിനു ശേഷമേ തന്ത്രി അടക്കമുള്ളവര്‍ കേസില്‍പെടു. തിരുമേനി ഒറ്റയ്ക്കല്ല, പതിനായിരങ്ങള്‍ കൂട്ടത്തിലുണ്ടെന്നും താന്‍ ഉറപ്പുകൊടുത്തു. സാറിനെ താന്‍ വിശ്വസിക്കുവെന്ന് തന്ത്രി മറുപടി നല്‍കി. തന്ത്രിയുടെ ആ തീരുമാനമാണ് പോലീസിനെയും സര്‍ക്കാരിനെയും അങ്കലാപ്പിലാക്കിയത്. സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയപ്പോള്‍ തന്നെ ഒന്നാം പ്രതിയും തന്ത്രിയെ രണ്ടാം പ്രതിയുമാക്കിയിട്ടുണ്ട്. താന്‍ അന്ന് വെറുതെ പറഞ്ഞതാണെങ്കിലും അത് അറംപറ്റി. ഇപ്പോള്‍ തന്ത്രിക്ക് മറ്റാരേക്കാളും തന്നെയാണ് വിശ്വാസം. ഒന്നാം തീയതി ശബരിമല തുറന്നപ്പോള്‍ സമരം ഏതാണ്ട് വിജയിപ്പിച്ചത് ബി.ജെ.പിയാണ്. നമ്മുടെ പ്രവര്‍ത്തകര്‍ എല്ലായിടത്തും പോയി നിന്നു. ശബരിമല വിഷയം ഒരു സമസ്യയായി തുടരുകയാണെന്നും അദ്ദേഹം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here