കൊച്ചി: വിവാദമായ സ്പ്രിംക്ലര്‍ കരാറുമായി മുന്നോട്ടുപോകാന്‍ കര്‍ശന ഉപാധികളോടെ ഹൈക്കോടതിയുടെ അനുമതി. സ്വകാര്യതാ ലംഘനമുണ്ടായാല്‍ കമ്പനിയെ വിലക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് തടസമുണ്ടാകാതിരിക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയത്.

കമ്പനിയുടെ സോഫ്ട്‌വെയറില്‍ ഡാറ്റ അപ്‌ലോഡ് ചെയ്യുന്നതിനു വ്യക്തികളുടെ അനുമതി നിര്‍ബന്ധമായും വാങ്ങിയിരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കമ്പനിക്ക് ഒരു കാരണവശാലും വ്യക്തികളെ തിരിച്ചറിയാന്‍ സാധിക്കരുത്, രഹസ്യാത്മകത ഉറപ്പാക്കണം, കേരള സര്‍ക്കാരിന്റെ മുദ്രയും പേരും കമ്പനി പരസ്യത്തിന് ഉപയോഗിക്കരുത്, കരാര്‍ കാലാവധിക്കുശേഷം മുഴുവന്‍ ഡേറ്റയും തിരികെ നല്‍കണം, സെക്കന്‍ഡറി ഡാറ്റ കമ്പനിയുടെ കൈയിലുണ്ടെങ്കില്‍ നശിപ്പിച്ചു കളയണം തുടങ്ങിയ ഉപാധികളാണ് കരാര്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

സ്പ്രിംക്ലര്‍ കരാറില്‍ സര്‍ക്കാര്‍ നടപടികള്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി പല കാര്യങ്ങൡും ആശങ്കയുണ്ടെന്നും വ്യക്തമാക്കി. ഡേറ്റ സംരക്ഷിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, കോവിഡ് പ്രതിരോധത്തെ ബാധിക്കുന്ന നടപടികള്‍ നിര്‍ദേശിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. സര്‍ക്കാരിനുവേണ്ടി സൈബര്‍ വിദഗ്ധയായ അഭിഭാഷക എന്‍.എസ്. നപ്പിനൈയും അഡീഷണല്‍ എ.ജിക്കു പുറമേ ഹാജരായി.

അഞ്ചു ലക്ഷം പേരുടെ ഡേറ്റ കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിനു ശേഷിയില്ലേയെന്നു ഒരവസരത്തില്‍ ചോദിച്ച കോടതി എന്തുകൊണ്ട് കേന്ദ്ര ഏജന്‍സികളുടെ സേവനം ഉപയോഗിച്ചില്ലെന്നും ആരാഞ്ഞു. സ്പ്രിംക്ലര്‍ മാത്രമാണോ ഈ മേഖലയിലുള്ള കമ്പനിയെന്നും അവരെ തെരഞ്ഞെടുക്കാനുള്ള സാഹചര്യമെന്തെന്നും കോടതി ആരാഞ്ഞു. തന്റെ മകള്‍ വിദേശത്തുനിന്ന് വന്ന് നിരീക്ഷണത്തിലാണെന്നും വ്യക്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും സി.ആര്‍. നീലകണ്ഠന്‍ കോടതിയെ അറിയിച്ചു. ഇതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here