സ്പ്രിങ്ക്ളർ കരാര്‍ മുഖ്യമന്ത്രി അറിയാതെ; വിവരങ്ങളുടെ നിയന്ത്രണം കമ്പനിക്ക് ലഭിച്ചു’: വിദഗ്ധ സമിതി

തിരുവനന്തപുരം: സ്പ്രിങ്ക്ളർ കരാർ മുഖ്യമന്ത്രി അറിയാതെയെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. കരാറിന് പിന്നിൽ ശിവശങ്കറിന്റെ ഏകപക്ഷീയ ഇടപെടലുകളെന്ന കണ്ടെത്തലുള്ള റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്തായി. ഒപ്പം സർക്കാരിന്റെ ജാഗ്രതക്കുറവിനും കൂടുതൽ തെളിവായി.

കോവിഡ് വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിന് സ്പ്രിങ്ക്ളർ കമ്പനിയെ ചുമതലപ്പെടുത്തുന്ന കരാര്‍ മുഖ്യമന്ത്രിയുടെ അറിവോടെയല്ല തയാറാക്കിയതെന്നും അദ്ദേഹത്തിന്റെ അറിവോടെയല്ല കരാര്‍ നടപ്പാക്കിയതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്നത്തെ ഐടി സെക്രട്ടറിയായ എം. ശിവശങ്കര്‍ ഏകപക്ഷീയമായി കരാര്‍ നടപ്പിലാക്കുകയായിരുന്നുവെന്നും അതുവഴി പൊതുജനങ്ങളുടെ വിവരങ്ങള്‍ക്ക് മേല്‍ കമ്പനിക്ക് നിയന്ത്രണാധികാരം ലഭിച്ചുവെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കമ്പനിയുമായി ചര്‍ച്ച നടത്തിയത് ഐടി വകുപ്പാണ്. എന്നാല്‍ പലതവണ ആവശ്യപ്പെട്ടിട്ടാണ് വിഷയവുമായി ബന്ധപ്പെട്ട യോഗങ്ങളുടെ മിനിറ്റ്സ് വിവരങ്ങള്‍ പോലും സമിതിക്ക് ലഭ്യമായതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. കോവിഡ് വിവരശേഖരണത്തിനായാണ് അമേരിക്കൻ കമ്പനിയായ സ്പ്രിങ്ക്ളറുമായി സർക്കാർ കരാറിലേർപ്പെട്ടത്. ഇടതുമുന്നണിയിലോ  മന്ത്രിസഭായോഗത്തിലോ  ചർച്ച ചെയ്യാതെ മുഖ്യമന്ത്രിയുടെ താൽപര്യപ്രകാരമായിരുന്നു തീരുമാനം. കരാർ വ്യവസ്ഥകളും നടപടികളും ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ മേൽനോട്ടത്തിലാണ് നടന്നത്. കരാറിന്റെ വിശദാംശങ്ങൾ മുഖ്യമന്ത്രിയിൽ നിന്നും ചീഫ് സെക്രട്ടറി ടോം ജോസിൽ നിന്നും ശിവശങ്കർ മറച്ചുവച്ചെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

വിവരങ്ങൾ അപൂർണമായതിനാൽ വിശദമായ പരിശോധന സാധിച്ചില്ല. കോവിഡ് പ്രതിരോധ രംഗത്ത് പ്രധാന പങ്കുവഹിച്ചിരുന്ന ആരോഗ്യവകുപ്പിനും കരാർ വിശദാംശങ്ങൾ അറിയില്ലായിരുന്നു. ആരോഗ്യ സെക്രട്ടറി രാജൻ ഖോബ്രഗഡെ ഇക്കാര്യം മൊഴിയായി നൽകി. കമ്പനിയുമായി ഐ ടി വകുപ്പിന്റെ ചർച്ചകൾക്ക് ഔദ്യോഗിക സ്വഭാവം ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഇതുമായി ബന്ധപ്പെട്ട മിനിട്സ് അന്വേഷണ സമിതിക്ക് ലഭിച്ചില്ല. വ്യോമയാന മുൻ സെക്രട്ടറി എം മാധവൻ നമ്പ്യാർ, സൈബർ സുരക്ഷാ വിദഗ്ധൻ ഗുൽഷൻ റായ് എന്നിവരടങ്ങിയ സമിതിയാണ് കരാറിന്‍റെ വിശദാംശങ്ങൾ അന്വേഷിച്ചത്. ഐ ടി വകുപ്പിൽ ശിവശങ്കറിനുണ്ടായിരുന്ന സ്വാധീനം വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here